ബയോ മൈനിങ്ങ് അന്തിമ ഘട്ടത്തില്‍; മെയ് 19 ന് ഡോ. ദിവ്യ എസ്. അയ്യര്‍ ബയോ മൈനിങ്ങ് സന്ദര്‍ശിക്കും
വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് ബയോ മൈനിങ്ങ് അന്തിമ ഘട്ടത്തില്‍. പതിറ്റാണ്ടുകള്‍ നീണ്ട മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുകയാണ് ബയോ മൈനിങ്ങിലൂടെ. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മെയ് 19 ന് ബയോമൈനിങ്ങ് സ്ഥലം സന്ദര്‍ശിക്കും. കുമ്പളങ്ങാട് അഞ്ചാം വാര്‍ഡില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് നടത്തുന്ന മൈനിങ്ങ് 15,000 ടണ്‍ മാലിന്യം സംസ്‌കരണം പൂര്‍ത്തീകരിച്ചു. 130 ടണ്‍ ആര്‍ ഡി എഫ് മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനായി സിമന്റ് ഫാക്ടറിയിലേക്ക് കൈമാറി.
മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള ഏകദേശം 20,000 ടണ്‍ മാലിന്യങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ബയോ മൈനിങ്ങ് നടത്തുന്നത്. ഇതില്‍ രണ്ട് സോണുകളുടെ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലും ഒരു സോണിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയുമാണ്. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തിലാണ് ബയോ മൈനിങ്ങ് നടത്തുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ കെ എസ് ഡബ്ല്യു എം പി ഫണ്ടില്‍ നിന്നും ഒന്‍പത് കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മാസം അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക ട്രോമെല്‍ യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക്, റബര്‍ തുടങ്ങിയ മാലിന്യങ്ങള്‍ വേര്‍തിരിച്ചാണ് സിമന്റ് നിര്‍മാണ മേഖലയിലേക്ക് കയറ്റുമതി ചെയ്യുന്നത്. പ്രതിദിനം 400 ടണ്‍ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കാനുള്ള ശേഷിയുള്ളതാണ് ബയോ മൈനിങ്ങ് യന്ത്ര സംവിധാനം. കൂടാതെ മണ്ണ് പരിശോധിച്ച ശേഷം അനുയോജ്യമായാല്‍ സ്ഥലം പുനരുപയോഗിക്കാനും നഗരസഭ ലക്ഷ്യമിടുന്നു.
- Log in to post comments