പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമം മെയ് 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമം മെയ് 18 ന്. മലമ്പുഴ ട്രൈപ്പന്റ ഹോട്ടല്‍ ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പട്ടിക ജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷനാവും. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ മുഖ്യാത്ഥികളാവും.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള തദ്ദേശീയ വിഭാഗത്തിലുള്ള ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അവരുടെ അഭിപ്രായങ്ങള്‍ മുഖ്യ മന്ത്രിയോട് നേരിട്ട് അവതരിപ്പിക്കാനുള്ള അവസരം നല്‍കുകയാണ് സംഗമത്തിന്റെ ലക്ഷ്യം.
സംഗമത്തില്‍ 1200 പേര്‍ പങ്കെടുക്കും
സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരായ 1200 പേര്‍ പങ്കെടുക്കും. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍, കായിക താരങ്ങള്‍, ആരോഗ്യ(വൈദ്യം) പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടുന്നവര്‍, വകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പ് പോലുള്ള പദ്ധതികളിലൂടെ സമൂഹത്തിന്റെ ഉന്നത പദവിയില്‍ എത്തിയവര്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, വിവിധ കലകളില്‍ പ്രാവീണ്യം നേടിയവര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിശിഷ്ഠ വ്യക്തികള്‍, വിവിധ ഗോത്രവിഭാഗങ്ങളിലുള്ളവര്‍, ഊരുമൂപ്പന്‍മാര്‍, പാലക്കാട് മെഡിക്കല്‍ കോളേജ്, ഐ.ഐ.ടി, ഐ.ഐ.എം, എന്‍.ഐ.ടി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, റിസര്‍ച്ച് സ്‌കോളര്‍മാര്‍, ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയവര്‍, വിങ്സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍, വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍, പ്രൊമോട്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ പരിപാടിയില്‍ പങ്കാളികളാകും.
രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിച്ച് 10ന് സംഗമം ആരംഭിക്കും. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി തദ്ദേശീയ വിഭാഗങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പ്രദര്‍ശനം യോഗത്തില്‍ ഉണ്ടാകും. വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍, എം.പിമാര്‍, എം,എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments