Skip to main content

എന്റെ കേരളം: ചോദിക്കൂ...പറയാം ഉപഭോക്താവിന്റെ അവകാശങ്ങള്‍

പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള സര്‍ക്കാരിന്റെ കരുതല്‍ വ്യക്തമാക്കുന്നതാണ് എന്റെ കേരളം മേളയിലെ ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ സ്റ്റാള്‍. ഒരു നാടിന്റെ ഭക്ഷ്യസുരക്ഷയും ഉപഭോക്താവിന്റെ അവകാശങ്ങളും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വിവരിക്കും വിധമാണ് സ്റ്റാളിന്റെ ക്രമീകരണം.
ഇതിനായി ഒരു റേഷന്‍ കടതന്നെ വകുപ്പ് ഒരുക്കിയിട്ടുണ്ട്. വിവിധയിനം അരികള്‍, ഗോതമ്പ് എന്നിവ പരിചയപ്പെടാനും  ഓരോ ധാന്യത്തിന്റെയും ഗുണമേന്മയും സവിശേഷതകളും ചോദിച്ചറിയാനും സാധിക്കും. റേഷന്‍ കടകളെ ആധുനികവല്‍ക്കരിച്ച് 'കെ-സ്റ്റോറുകള്‍' ആക്കി മാറ്റുന്ന പദ്ധതിയുടെ ഒരു ചെറിയ രൂപവും ഇവിടെ കാണാം. ന്യായമായ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പുവരുത്തുന്ന ഈ പദ്ധതി, പൊതുവിതരണ രംഗത്തെ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിക്കുന്നത്. ബാങ്കിംഗ് സേവനങ്ങളും മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളും കെ-സ്റ്റോറുകളിലൂടെ ലഭ്യമാകുന്നതോടെ സാധാരണ റേഷന്‍ കടകള്‍ സ്മാര്‍ട്ടാകും.
ആധാര്‍ മാസ്റ്ററിംഗ് സേവനം ഇവിടെ ലഭ്യമാണ്. സംസ്ഥാനത്തെ ഉപഭോക്താക്കളുടെ റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനും വിവരങ്ങള്‍ പുതുക്കുന്നതിനും നിരവധി പേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.
അവകാശങ്ങളെക്കുറിച്ച് അവബോധം നല്‍കുന്ന നിരവധി ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ചുള്ള വിവരങ്ങള്‍, പരാതികള്‍ നല്‍കാനുള്ള ടോള്‍ ഫ്രീ നമ്പറുകള്‍, ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന അവകാശങ്ങള്‍, തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം ലളിതമായ ഭാഷയില്‍ വിശദീകരിച്ചിരിക്കുന്നു. കൂടാതെ, പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള പോര്‍ട്ടലിന്റെ വിവരങ്ങളും ഇവിടെ ലഭ്യമാണ്.

date