Skip to main content

മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം;  സംസ്ഥാനം സമസ്ത മേഖലയിലും സമഗ്ര വികസനം സാധ്യമാക്കി: മുഖ്യമന്ത്രി

സംസ്ഥാനം സമസ്ത മേഖലയിലും സമഗ്ര വികസനം സാധ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ കാസിനോ ഹോട്ടല്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാനുസൃതമായുള്ള പുരോഗതി ഉണ്ടാവാതെ നിരാശയിലായിരുന്ന ജനതയ്ക്ക് മുമ്പില്‍ 2016 ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സമസ്ത മേഖലയിലുമുള്ള വികസനമാണ് സാധ്യമാക്കിയത്. യുവാക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതാണ് ഐ ടി മേഖലയിലെ വികസനം. 2016 ല്‍ ഐ ടി പാര്‍ക്കില്‍ 640 കമ്പനികളാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 1106 ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. കൂടാതെ 78,068 തൊഴിലവസരങ്ങളില്‍ നിന്ന് 1,48,000 മാക്കി ഉയര്‍ത്തി. ഐ ടി സോഫ്റ്റ്വെയര്‍ കയറ്റുമതി 34,000 കോടിയില്‍ നിന്ന് 90,000 കോടിയായി ഉയര്‍ന്നു. ഒമ്പത് വര്‍ഷ കാലയളവില്‍ ഐ ടി മേഖലയില്‍ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചി വാട്ടര്‍ മെട്രോ, ഇന്റര്‍നാഷണല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനങ്ങള്‍ കേരളമാണ് സൃഷ്ടിച്ചത്. ഇന്റര്‍നാഷണല്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, ജീനോം ഡാറ്റ സെന്റര്‍, മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം, മൈക്രോ ബയോ ന്യൂട്രോ സ്യൂട്ടിക്കല്‍, മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങിയ മേഖലയിലുള്ള വികസനത്തിലൂടെ നമ്മുടെ നാടിനെ ആധുനിക വിജ്ഞാന വിപ്ലവത്തിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 രാജ്യത്ത് തന്നെ ഏറ്റവും മികച്ച വ്യവസായ നിക്ഷേപക സൗഹൃദ സംസ്ഥാനമായി ഈ കാലയളവില്‍ കേരളം മാറി. വ്യവസായിക മേഖല 12 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി ഉയര്‍ന്നു. ഉത്പാദന മേഖലയില്‍ 9 ശതമാനത്തില്‍ നിന്നും 17 ശതമാനമായി വളര്‍ച്ച കൈവരിച്ചു. സംരഭക വര്‍ഷം പദ്ധതിയിലൂടെ 3.5 ലക്ഷം സംരഭങ്ങള്‍ ആരംഭിക്കാനായി. കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമത്തിലൂടെ 1.5 ലക്ഷം കോടിയുടെ നിക്ഷേപപത്രം ഒപ്പുവെച്ച് അത് യാധാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

 അതിദരിദ്രരില്ലാത്ത സംസ്ഥാനമാണ് കേരളം. നാലര ലക്ഷത്തിലധികം വീടുകള്‍ പൂര്‍ണ്ണമായി നിര്‍മിച്ചു നല്‍കി. നാല് ലക്ഷത്തിലധികം പട്ടയ വിതരണവും സര്‍ക്കാര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ മേഖല, പൊതു വിദ്യാഭ്യാസ മേഖല, കാര്‍ഷിക മേഖല തുടങ്ങിയ എല്ലാ മേഖലയിലും മികച്ച പുരോഗതി കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള പുരോഗതി കൈവരിക്കാന്‍ ആവശ്യമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. സംസ്ഥാനം നേരിട്ട ആപത്കരമായ പ്രതിസന്ധിഘട്ടങ്ങളില്‍ പോലും കേന്ദ്രം സഹായം നിഷേധിക്കുകയും വൈകിപ്പിക്കുകയും ചെയ്തു. 2020 ലെ പ്രളയം നൂറ്റാണ്ടിലെ പ്രളയമായിരുന്നു. അത്തരം ഘട്ടത്തില്‍പ്പോലും സഹായം കേന്ദ്രം നിഷേധിച്ചു. സംസ്ഥാനത്തെ സഹായിക്കാന്‍ പല വിദേശ രാജ്യങ്ങളും മുന്നോട്ട് വന്നപ്പോള്‍ ആ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഫ്ബി പദ്ധതി പ്രകാരമുളള റോഡുകളില്‍ പുനരുദ്ധാരണം നടക്കുന്നു. റോഡുകളുടെ കാര്യത്തില്‍ പ്രതിസന്ധി നേരിട്ട തൃശ്ശൂര്‍-കുറ്റിപ്പുറം, കൊടുങ്ങല്ലൂര്‍-ഷൊര്‍ണ്ണൂര്‍ റോഡ് വലിയ തോതില്‍ പുരോഗതി കൈവരിക്കുന്നു. തീരദേശ ഹൈവേ - 319 കോടി രൂപ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിക്ക് അനുവദിച്ചിട്ടുളളത്. അഴീക്കോട് മുതല്‍ വലപ്പാട് വരെ വാടനപ്പിള്ളി മുതല്‍ കടിക്കാട് വരെ. 66 സ്‌കൂളുകള്‍ക്ക് അടിസ്ഥാനവികസനസൗകര്യത്തിനായി കിഫ്ബിയുടെ ഫണ്ട് 364 കോടി 46 ലക്ഷം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ സുവോളജിക്കല്‍പാര്‍ക്കും അതിലേക്കുളള റോഡും വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ ട്രാന്‍സേക്ഷണല്‍ റിസര്‍ച്ച് സെന്‍ര്‍, അക്കിക്കാവ്-അണ്ടത്തോട് എന്നിവടങ്ങില്‍ രജിസ്‌ട്രേഷന്‍വകുപ്പ് കാര്യാലയങ്ങള്‍, ആമ്പല്ലൂര്‍ തിയ്യേറ്റര്‍ സമുച്ചയം, കോടശ്ശേരി-പരിയാരം-അതിരമ്പുഴ കുടിവെളളപദ്ധതി, കുറുമാലി പാലനിര്‍മ്മാണം, ഒല്ലൂര്‍ ഹണിപാര്‍ക്കും അതിലേക്കുളള മെഷീനറികള്‍, ഐ.എം വിജയന്‍ സ്റ്റേഡിയനിര്‍മ്മാണം, ചാലക്കുടി ഇന്‍ഡോര്‍‌സ്റ്റേഡിയം, ചിറങ്ങര ശബരിമലഇടത്താവളം, കാരത്തോട് പാലനിര്‍മ്മാണം, ജില്ലയിലെ വിവിധ പ്രൊഫഷണല്‍കോളേജുകളിലേക്കും വളളത്തോള്‍ നഗര്‍, പഴയന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഗ്യാസ് ക്രിമിറ്റോറിയം, തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലേക്കുമായി വിവിധ വകുപ്പുകളിലേക്ക് കിഫ്ബി ഫണ്ടില്‍ ഭരണാനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം അടക്കമുള്ള അഭിമാനകരമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന് മുന്നില്‍ സമാനതകളില്ലാത്ത കേരള മോഡല്‍ അവതരിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചതായി റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു.

പിതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വി കെയര്‍ പദ്ധതിയില്‍ നിന്ന് 15 ലക്ഷം രൂപ സഹായം ലഭിച്ച ആര്‍ദ്ര നന്ദിസൂചകമായി താന്‍ വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം ചടങ്ങില്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍, മേയര്‍ എം.കെ വര്‍ഗീസ്, എംഎല്‍എമാരായ പി. ബാലചന്ദ്രന്‍, എ.സി മൊയ്തീന്‍, എന്‍.കെ അക്ബര്‍, മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിള്ളി, സി.സി മുകുന്ദന്‍, ഇ.ടി ടൈസണ്‍, കെ.കെ രാമചന്ദ്രന്‍, വി.ആര്‍ സുനില്‍കുമാര്‍, യു.ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, തൊഴില്‍ വകുപ്പ് സെക്രട്ടറി കെ. വാസുകി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.കെ വേലായുധന്‍ നന്ദിയും പറഞ്ഞു.

നാടിന്റെ മുന്നേറ്റവും വികസനങ്ങളും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട വിഷയങ്ങളും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിച്ചു. വി.കെ ശ്രീരാമന്‍, നീലകണ്ഠമൂസ്, മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി നന്ദകുമാര്‍, ടി.എസ് കല്യാണരാമന്‍, സിറില്‍ മാര്‍ ബസേലിയോസ് തിരുമേനി, ജോസ് മഞ്ഞളി, തങ്കം ടീച്ചര്‍, ഡാവിഞ്ചി സുരേഷ്, ഹംസ കൊണ്ടാപ്പുള്ളി, മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാരോണ്‍ വീട്ടില്‍, പ്രൊഫ. സി. കര്‍മ്മ ചന്ദ്രന്‍, അധ്യാപകനും എഴുത്തുകാരനുമായ പ്രസാദ് കാക്കശ്ശേരി, ഡോ. സി.എല്‍ ജോഷി, കലാനിലയം രാഘവനാശാന്‍, നാടക-ചലച്ചിത്ര പ്രവര്‍ത്തക സിജി പ്രദീപ്, അനീഷ അഷ്റഫ്, പോത്തുംപാറ ഉന്നതിയിലെ ഊരുമൂപ്പന്‍ ചന്ദ്രന്‍, ആര്‍.എല്‍.വി രാമകൃഷ്ണന്‍, ഭവദാസ് (കെ.പി നമ്പൂതിരീസ്), ഒളകര ആദിവാസി ഉന്നതിയിലെ ഊരുമൂപ്പത്തി മാധവി, ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സോളി തോമസ്, ടി.ഡി രാമകൃഷ്ണന്‍, ബഥനി എജ്യുക്കേഷന്‍ മാനേജര്‍ ഫാദര്‍ ബഞ്ചമിന്‍, ഇസാഫ് എം.ഡി പോള്‍ തോമസ്, എം. ഹരിനാരായണന്‍, സൂര്യപ്രിയ, പ്രൊഫ. ബേബി, അഡ്വ. ടി.എ നജീബ്, ജോസഫ് മാത്യു, വി. മുരളി എന്നിവര്‍ മുഖ്യമന്ത്രിയോട് സംവദിച്ചു.

date