Skip to main content

നൈപുണ്യ പരിശീലനത്തിലൂടെ യുവതയെ തൊഴിൽ സജ്ജരാക്കും : മന്ത്രി ഡോ ആർ ബിന്ദു

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ പരിശീലന സ്ഥാപനങ്ങളിലൂടെ മികച്ച നൈപുണ്യ പരിശീലനം നൽകി യുവതലമുറയെ തൊഴിൽ സജ്ജരാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും തമിഴ്‌നാട് അണ്ണാ സർവകലാശാലയുടെ സെന്റർ ഫോർ എയ്റോസ്പേസ് റിസർച്ച് - ഡ്രോൺ സെന്റർ ഓഫ് എക്സൈലൻസും സംയുക്തമായി നടത്തുന്ന ഡ്രോൺ സെന്റർ ഓഫ് എക്‌സലൻസ് പരിശീലനം നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നവ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുന്നതിൽ നവീന സാങ്കേതിക കോഴ്‌സുകൾക്ക് വ്യക്തമായ പങ്കു വഹിക്കാനുണ്ട്. അസാപ് കേരള ഉൾപ്പടെയുള്ള നൈപുണ്യ വികസന സ്ഥാപനങ്ങളിലൂടെ ആഗോള തലത്തിലുള്ള ടെക്‌നിക്കൽ കോഴ്‌സുകൾ കേരളത്തിലെ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്. സ്‌കിൽ ഗ്യാപ് നികത്തി ആത്മവിശ്വാസത്തോടെ തൊഴിൽ മേഖലയിലേക്ക്  കടക്കാൻ ഇത്തരം കോഴ്‌സുകൾ വിദ്യാർഥികളെ സഹായിക്കും.

കൃഷിപ്രതിരോധം,  ഫോട്ടോഗ്രഫിവിഡിയോഗ്രഫിമനുഷ്യന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച ഉപയോഗസാധ്യത ഡ്രോൺ ടെക്‌നോളജിയ്ക്കുണ്ട്. മാനവരാശിക്ക് വളരെ ഉപയോഗപ്രദമായ ഡ്രോൺ ടെക്‌നോളജി പരിശീലനം അസാപ് സംഘടിപ്പിക്കുന്നു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അസാപ് ആരംഭിച്ച രണ്ടാമത്തെ ഡ്രോൺ പരിശീലന കേന്ദ്രമാണിത്. ആദ്യത്തേത് കാസർഗോഡാണ്. അടുത്ത ഡ്രോൺ പരിശീലന കേന്ദ്രം തൃശൂരിൽ തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

പരിശീലനത്തിന്റെ ഭാഗമായുള്ള ഡ്രോൺ പ്രദർശനം മന്ത്രി സന്ദർശിച്ചു. ഒ എസ് അംബിക എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ തമിഴ്‌നാട് സയൻസ് ആൻഡ് ടെക്‌നോളജി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. മയിൽസ്വാമി അണ്ണാദുരൈസി എ എസ് ആർ ഡയറക്ടർ ഡോ.കെ സെന്തിൽ കുമാർഅസാപ് കേരള ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.ഉഷ ടൈറ്റസ് എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്സ് 2084/2025

date