Skip to main content

നികുതി കുടിശ്ശിക: റിക്കവറി നടപടികളുമായി സംസ്ഥാന ജി.എസ്.ടി വകുപ്പ്

നികുതി കുടിശ്ശിക പരിച്ചെടുക്കാന്‍ റിക്കവറി നടപടികള്‍ ശക്തമാക്കി സംസ്ഥാന ജി.എസ്.ടി വകുപ്പ്. കഴിഞ്ഞ മെയ് 15ന് എല്ലാ ജില്ലകളിലും അരിയര്‍ റിക്കവറി ഡ്രൈവുകള്‍ സംഘടിപ്പിച്ചു. 35 സ്ഥാപനങ്ങളില്‍ നിന്ന് റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു. മലപ്പുറം ജില്ലയില്‍ നിന്ന്  മൂന്ന് കേസുകളിലായി 1,38,000 ഓളം രൂപയാണ് പിരിച്ചെടുത്തത്.
നികുതി കുടിശ്ശിക അടയ്ക്കാതെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും കുടിശ്ശിക ഈടാക്കാന്‍ ശക്തമായ നടപടികള്‍ തുടരും. മുന്‍ വര്‍ഷങ്ങളില്‍ ആംനസ്റ്റി പദ്ധതികള്‍ നിലവില്‍ ഉണ്ടായിട്ടും കുടിശ്ശിക തീര്‍പ്പാക്കാന്‍ താല്‍പര്യപ്പെടാത്ത സ്ഥാപനങ്ങളില്‍ നിന്നാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കുടിശ്ശിക ഈടാക്കുന്നതിന് റിക്കവറി നടപടികളുമായി മുന്നോട്ട് പോകുന്നത്. സ്ഥാവര-ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതടക്കം ശക്തമായ നടപടികള്‍ സംസ്ഥാന ജി.എസ്.ടി വകുപ്പ് സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരം റിക്കവറി നടപടികള്‍ക്കായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഇന്റലിജിന്‍സ് വിഭാഗം, എന്‍ഫോഴ്സസ്മെന്റ് വിഭാഗം എന്നിവരുടെ സഹായത്തോടെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അരിയര്‍ റിക്കവറി ഡെപ്യൂട്ടി കമ്മിഷണര്‍ ഷംസുദ്ധീന്‍ അറിയിച്ചു.
ജി.എസ്.ടിക്ക് മുമ്പുള്ള നികുതി കുടിശിക ഉള്ളവര്‍ക്കായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജനറല്‍ ആംനസ്റ്റി പദ്ധതി -2025 ല്‍ ചേരുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. ആയതിനാല്‍ ജി.എസ്.ടിക്ക് മുന്‍പുള്ള പഴയ കുടിശ്ശിക നിലവിലുള്ള വ്യാപാരികള്‍ ജൂണ്‍ 30നു മുന്‍പ് ആംനസ്റ്റി പദ്ധതി പ്രയോജനപ്പെടുത്തി പിഴയും പലിശയും പൂര്‍ണ്ണമായും നികുതിയുടെ 70 ശതമാനം വരെയുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി പഴയ കുടിശ്ശിക തീര്‍പ്പാക്കണം. ആംനസ്റ്റിയില്‍ ചേരുകയോ കുടിശ്ശിക തീര്‍പ്പാക്കുകയോ ചെയ്യാത്ത എല്ലാ കേസുകളിലും ഭൂമി ജപ്തിയുള്‍പ്പെടെയുള്ള റിക്കവറി നടപടികള്‍ തുടരും.

date