ജില്ലയിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു
നവീകരണം പൂര്‍ത്തിയാക്കിയ ചിറ്റണ്ട - തലശ്ശേരി, പുത്തരിത്തറ - കൊണ്ടാഴി, അത്താണി - പുതുരുത്തി, കാണിപ്പയ്യൂര്‍ - ഇരിങ്ങപ്പുറം, കനക മല - ചാത്തന്‍ മാസ്റ്റര്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. അഴിമതി രഹിതവും സമയബന്ധിതവുമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ ഗതാഗതസൗകര്യങ്ങള്‍ ഉന്നത നിലവാരത്തിലാക്കുയാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 14 ജില്ലകളിലായി 50 റോഡുകളും തിരുവനന്തപുരം ജില്ലയിലെ 12 സ്മാര്‍ട്ട് റോഡുകളുമാണ് ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചത്.
പശ്ചാത്തല വികസനത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗ്രാമീണ റോഡുകള്‍ മുതല്‍ നഗരങ്ങളിലെ പ്രധാന റോഡുകള്‍ ഉള്‍പ്പടെയാണ് ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്. ഡിസൈന്‍ റോഡുകളുടെ നിര്‍മാണവും, ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റോഡുകളെ ഉയര്‍ത്തുമെന്ന സര്‍ക്കാരിന്റെ ഉറപ്പാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ 50 ശതമാനം റോഡുകള്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടത് നാലുവര്‍ഷം കഴിയുമ്പോള്‍ 60 ശതമാനം പൂര്‍ത്തിയാക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്ന് കോടി രൂപയുടെ ഭരണാനുമതി നല്‍കി ചിറ്റണ്ട - തലശ്ശേരി റോഡും 3.69 കോടി രൂപയുടെ ഭരണാനുമതി നല്‍കി പുത്തരിത്തറ - കൊണ്ടാഴി റോഡും നവീകരിച്ച് ബി എം ബി സി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി. പാര്‍ശ്വഭിത്തി, കലിങ്കുകളുടെ നിര്‍മ്മാണവും റിഫ്‌ലക്ടറുകള്‍, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയാണ് റോഡ് നാടിന് സമര്‍പ്പിക്കുന്നത്.
വരവൂര്‍ വനിത തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ചേലക്കര എം എല്‍ എ യു.ആര്‍ പ്രദീപ് ശിലാഫലകം അനാച്ഛാദനം ചെയ്തു. തലപ്പിള്ളി സബ് ഡിവിഷന്‍ പി ഡബ്ല്യു ഡി റോഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. സ്മിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സാബിറ, വരവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു, വരവൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം വിമല പ്രഹ്ലാദന്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments