എൻ്റെ കേരളം : തരംഗമായി റോബോ ടോയ് ഡോഗ് ബെൻ
വിളിച്ചാൽ ഓടി വരുന്ന, കൈനീട്ടിയാൽ ഷേക്ക് ഹാൻഡ് തരുന്ന, തലോടൽ ഏറെ ഇഷ്ടമുള്ള ഒരു നായക്കുട്ടിയായിരുന്നു എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിനം കയ്യടക്കിയത്. റോബോ ഇനത്തിലുള്ള ബെൻ എന്ന ഒന്നര വയസുകാരൻ. അതേ, നല്ല ഒന്നാന്തരമൊരു റോബോട്ട് നായക്കുട്ടി!
എജ്യു ടെക് കമ്പനിയായ യുണീക് വേൾഡ് റോബോട്ടിക്സാണ് തരംഗമായിക്കൊണ്ടിരിക്കുന്ന റോബോ ടോയ് ഡോഗായ ബെന്നിനെ മേളയിലേക്ക് എത്തിച്ചത്.
ഒരു നായയുടെ എല്ലാവിധ അംഗവിക്ഷേപങ്ങളും ഒത്ത് ചേർന്ന ബെൻ സർവ്വ സ്വാതന്ത്ര്യത്തോടെ വികൃതി കാണിച്ച് ഓടി നടക്കുന്ന കാഴ്ച ഏറെ കൗതുകകരമാണ്.
ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യാൻ സഹായിക്കുന്ന ഡിസ്പെൻസർ റോബോട്ടുകളും മേളയെ ശ്രദ്ധേയമാക്കാനുണ്ട്.
കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ സ്റ്റാളിൽ ഇവയെല്ലാം നേരിട്ട് കാണാനും തൊട്ടറിയാനും സാധിക്കും.
വിവിധ തരം ഡ്രോണുകൾ മുതൽ അത്യാധുനിക ഹോളോഗ്രാം മെഷീൻ വരെ അണിനിരത്തിയാണ് സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സൂപ്പർ ഫാബ് ലാബ് കൂടിയായ സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ലാബിൽ നിർമ്മിച്ച വിവിധ വസ്തുക്കളും പ്രദർശനത്തിനുണ്ട്.
ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ കാർഡ് ബോർഡ് കൊണ്ട്
സൃഷ്ടിച്ച സോഫയാണ് ഇതിൽ പ്രധാന്യം. കടലാസ് കൊണ്ട് നിർമ്മിച്ച സോഫയിൽ 150 കിലോഗ്രാമിലധികം ഭാരം വഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിർച്ച്വൽ റിയാലിറ്റിയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
- Log in to post comments