Skip to main content

വൈപ്പിൻ മേഖലയിൽ തീരസംരക്ഷണത്തിന് ബ്രഹത് പദ്ധതിയുമായി സംസ്ഥാന സർക്കാർ

നാഷണൽ സെൻ്റർ ഫോർ കോസ്റ്റൽ റിസേർച്ച് സെൻ്റർ ഡയറക്ടർ ഡോ. എം.വി രമണ മൂർത്തി ബീച്ചുകൾ സന്ദർശിച്ചു

 

 

 

വൈപ്പിൻ മണ്ഡലത്തിലെ തീരപ്രദേശങ്ങൾ സംരക്ഷിക്കാൻ ബ്രഹത് പദ്ധതിയുമായി സംസ്ഥാന സർക്കാർ. തീര ശോഷണവും കടലാക്രമണവും തടയുന്നതിനായി കടലിൽ ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്. ഇതിന് മുന്നോടിയായുള്ള സാങ്കേതിക പഠനത്തിൻ്റെ ഭാഗമായി ചെന്നൈയിലെ നാഷണൽ സെൻ്റർ ഫോർ കോസ്റ്റൽ റിസേർച്ച് സെൻ്റർ ഡയറക്ടർ ഡോ. എം.വി രമണ മൂർത്തി സ്ഥലം സന്ദർശിച്ചു.

 

തീര സംരക്ഷണത്തിൻ്റെ ഭാഗമായി കേരളത്തിലെ 22 ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. കേരള സംസ്ഥാന കടൽ തീര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുക. ഇതിൽ എറണാകുളം ജില്ലയിലെ മൂന്ന് കടൽ തീരങ്ങൾ വൈപ്പിൻ മണ്ഡത്തിലാണ്. ഞാറക്കൽ ഗ്രാമ പഞ്ചായത്തിലെ പുത്തൻ കടപ്പുറം, നായരമ്പലം ഗ്രാമ പഞ്ചായത്തിലെ വെളിയത്താൻ പറമ്പ് കടപ്പുറം, പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ചെറായി കടപ്പുറം എന്നിവിടങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.

 

കടൽ തീരത്ത് നിന്ന് എട്ട് കിലോമീറ്ററോളം അകലെയാണ് ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നത്. പെട്രോകെമിക്കൽ ബൈ പ്രൊഡക്ടുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈടുറ്റ ട്യൂബുകളാണ് ഇതിനായി ചിലവഴിക്കുക. തുടർന്ന് കടലിൽ നിന്ന് തന്നെ മണൽ നിറക്കുന്നതോടെ ട്യൂബുകളുടെ കരുത്ത് വർദ്ധിക്കുകയും വലിയ തിരമാലകളുടെ ആഘാതം കുറക്കാനും സാധിക്കും. ഇതുവഴി തീരം പുനർനിർമ്മിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കടലാക്രമണം ഇല്ലാതാകുന്നതോടെ തീരത്തിൻ്റെ തൽസ്ഥിതി നിലനിർത്താനും സാധിക്കും.

 

250 മുതൽ 300 ടൺ വരെ ഭാരമുള്ള ട്യൂബുകളാണ് കടലിൽ ഇറക്കുന്നത്. ഇതിനായി റിഗ്ഗുകളിലും മറ്റും ജോലി ചെയ്ത് പരിചയമുള്ള വിദഗ്ധരെയാണ് ചുമതലപ്പെടുത്തുക. പദ്ധതി പൂർത്തിയാകുന്നതോടെ മത്സ്യസമ്പത്ത് വർദ്ധിക്കുമെന്നാണ് പഠനങ്ങൾ. ഇതോടൊപ്പം ഏത് സന്ദർഭത്തിലും തീരത്തേക്ക് അടുക്കാൻ കഴിയുന്നതിനാൽ മത്സ്യബന്ധന, വിനോദ സഞ്ചാര മേഖലകളിലും വലിയ തോതിൽ ഗുണമുണ്ടാകും.

 

കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ, കേരള സംസ്ഥാന കടൽ തീര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ ഷേക്ക് പരീത് എന്നിവരോടൊപ്പമായിരുന്നു രമണ മൂർത്തി വെളിയത്താൻ പറമ്പ്, ചെറായി പുത്തൻ കടപ്പുറങ്ങൾ സന്ദർശിച്ചത്. ഈ പ്രദേശങ്ങളുടെ പ്രത്യേകതകളും സാധ്യതകളും പരിശോധിച്ച ശേഷമായിരുന്നു മടങ്ങിയത്.

 

തീരദേശങ്ങളിലെ കടലാക്രമണം തടയുന്നതിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിൻ്റെ ഭാഗമായാണ് ജിയോ ട്യൂബ് പദ്ധതി നടപ്പാക്കുന്നതെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. മൺസൂണിന് ശേഷം ടെൻ്റർ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

 

ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി രാജു, പള്ളിപ്പുറം യൂണിറ്റ്ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ, നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നീതു ബിനോദ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ സാജിത്ത്, കടൽ തീര വികസന കോർപ്പറേഷൻ മാനേജിംഗ് ചീഫ് എഞ്ചിനീയർ ടി.വി ബാലകൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി

date