വനിതാചലച്ചിത്രമേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കും: മന്ത്രി ബാലഗോപാല്‍ സംഘാടക സമിതി ഓഫീസ് തുറന്നു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ചന്തമുക്ക് മുന്‍സിപ്പല്‍ സ്ക്വയറില്‍ ആരംഭിച്ച സംഘാടക സമിതി ഓഫീസ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
വന്‍നഗരങ്ങളില്‍ മാത്രം നടന്നു വരുന്ന ചലച്ചിത്രമേളയ്ക്കാണ് കൊട്ടാരക്കര വേദിയാകുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. ലോകത്തെ പ്രധാന ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വനിതാ സംവിധായകരുടെ 25 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന മേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഫെസ്റ്റിവല്‍ ബ്രോഷര്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്നും നിര്‍മ്മാതാവ് അഡ്വ.കെ അനില്‍കുമാര്‍ അമ്പലക്കര ഏറ്റുവാങ്ങി. കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്മാന് അഡ്വ. കെ. ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, കൗണ്‍സിലര്‍ അനിത ഗോപകുമാര്‍, കില പ്രതിനിധികളായ ശ്രീജ, ലാലി, മുന്‍ കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്മാന് എസ് ആര് രമേശ്, കാപെക്സ് ഡയറക്ടര്‍ സി. മുകേഷ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി കെ ജോണ്സണ്, കില ഡയറക്ടര്‍ വി സുദേശന്‍ , സംഘാടക സമിതി കണ്‍വീനര്‍ സി അജോയ് തുടങ്ങിയവര്‍ സന്നിഹിതരായി.
മന്ത്രി കെ. എന്‍ ബാലഗോപാല്‍ ആവിഷ്കരിച്ച സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. കൊട്ടാരക്കര മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. 29ാമത് ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
1000 പേര്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം അനുവദിക്കുക. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന് നടത്താം. ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം സംഘാടക സമിതി ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- Log in to post comments