മഴവില്ലഴകിൽ സ്റ്റാളൊരുക്കി വനിത ശിശു വികസന വകുപ്പ്
മഴവില്ലിന്റെ വർണങ്ങൾ പോലെ എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ഏഴു ദിവസവും വർണ്ണാഭമാക്കുകയാണ് എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ വനിതാ ശിശു വികസന വകുപ്പിൻ്റെ സ്റ്റാൾ
ആദ്യ ദിനത്തിൽ വയലറ്റ് നിറമണിഞ്ഞ സ്റ്റാൾ ഇന്നലെ ഇൻഡിഗോ നിറത്തിലാണ് സന്ദർശകരെ സ്റ്റാളിൽ വരവേറ്റത്. ശംഖുപുഷ്പവും ഞാവൽ പഴവും ചേർത്ത് നീല നിറത്തിൽ തേങ്ങാപ്പാൽ പിടി, അപ്പം, ഓട്സ്, പുട്ട്, ഇഡലി, ചമ്മന്തി, സ്ക്വാഷ്, മില്ലെറ്റ് പായസം തുടങ്ങിയവ ഒരുക്കിയിരിക്കുന്നതിനൊപ്പം അവ രുചിച്ചു നോക്കുവാനും അവസരമുണ്ട്.
പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രദർശനം മാത്രമല്ല ഹൈടെക് അങ്കണവാടി മോഡലിൽ കുട്ടികൾക്ക് കളിക്കുവാനായി പാർക്കും കളിപ്പാട്ടങ്ങളും ഒരുക്കിയിട്ടുണ്ട്. ഐ സി ഡി എസ് പദ്ധതിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ആദ്യകാലങ്ങളിലെ അങ്കണവാടികളിൽ നിന്നും ഇന്നത്തെ ഹൈടെക് അങ്കണവാടികളിൽ കുട്ടികൾക്ക് എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാകും എന്ന് മനസ്സിലാകുന്ന വിധത്തിലാണ് സ്റ്റാൾ ക്രമീകരിച്ചിരിക്കുന്നത്.
അങ്കണവാടികളിൽ കുട്ടികൾക്ക് ലഭ്യമാകുന്ന ഭക്ഷണങ്ങൾ, നൽകാവുന്ന പോഷകാഹാരങ്ങൾ, പടവുകൾ, കാതോർക്ക്, ആശ്വാസനിധി, മംഗല്യ, വിദ്യാധനം, ദത്തെടുക്കൽ തുടങ്ങി വിവിധ സേവനങ്ങളുടെ വിശദീകരണങ്ങളും സ്റ്റാളിൽ എത്തുന്നവർക്ക് നൽകുന്നുണ്ട്.
കൂടാതെ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, തേജോമയ, ഗവ. മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ കുട്ടികളും സ്ത്രീകളും നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും വിപണനവും ഒരുക്കിയിട്ടുണ്ട്.
*ഫോട്ടോ അടിക്കുറിപ്പ്*
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയിരിക്കുന്ന വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാൾ
- Log in to post comments