Skip to main content

ജനഹൃദയം കീഴടക്കി എന്റെ കേരളം പ്രദർശന വിപണന മേള

കൗതുകമായി റോബോ ടോയ് ഡോഗ് ബെൻ...ആഘോഷമാക്കാൻ 360 സെൽഫി.. സാഹസപ്രിയർക്കായി ബർമ പാലം.. അടിപൊളി ഫോട്ടോ പകർത്താൻ വെർച്വൽ വിഷ്വലുകൾ.. സിനിമ പ്രേമികൾക്കായി തീയേറ്റർ. അടിച്ചു പൊളിക്കാൻ സംഗീത രാവുകൾ.

 

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷമായ എൻ്റെ കേരളം പ്രദർശന വിപണനമേള മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ മറൈൻ ഡ്രൈവിലെ പ്രദർശന നഗരിയിലേക്ക് ഒഴുകിയെത്തുന്നത് ജനസഹസ്രങ്ങൾ. മെയ് 23 വരെയാണ് മേള.

 

പ്രായഭേദമന്യേ ആസ്വാദനത്തിനുള്ള അവസരമാണ് വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും മേളയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ രണ്ടാം ദിവസമായ ഇന്നലെ (ഞായറാഴ്ച) വൻജന തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജനങ്ങളുടെ കലാപ്രകടനം ആസ്വാദകരുടെ മനം കവർന്നു. 

 

തീം പവിലിയൻ, വിപണനം, പ്രദർശനം എന്നിങ്ങനെ 276 സ്റ്റാളുകളാണ് എൻ്റെ കേരളത്തിൻ്റെ ഉള്ളടക്കം. ഷെയ്ക്ക് ഹാന്റ് നൽകിയും, പുറകെ ഓടിയും തലകുത്തി നിന്നും സ്റ്റാർട്ട് അപ് മിഷൻ സ്റ്റാളിലെ റോബോ ടോയ് ഡോഗ് കൗതുകം ജനിപ്പിക്കുമ്പോൾ സാഹസികരെ ആകർഷിക്കുകയാണ് അഗ്നി രക്ഷാസേനയുടെ ബർമ ബ്രിഡ്ജ്. 

 

സിനിമ പ്രേമികൾക്ക് പഴയ സിനിമകൾ ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് മേളയിലെ മിനി തിയേറ്റർ. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 360 സെൽഫി പോയിന്റും, മാഗസിൻ മുഖചിത്രമായി പോസ് ചെയ്യാൻ കഴിയുന്ന സെൽഫി ബൂത്തും സന്ദർശകരെ ആകർഷിക്കുന്നു. 

 

മനോഹരമായ പൊക്കാളിപ്പാടവും കാർഷിക വിഭവങ്ങളുമായി കൃഷിവകുപ്പും കുന്നും മലയും തനതായി ഒരുക്കി വെർച്വൽ റിയാലിറ്റിയിലൂടെ തിരമാലയുടെ അനുഭവം പകർന്ന് ടൂറിസം വകുപ്പും മേളയെ ആകർഷകമാക്കുന്നു.

 

 സർക്കാർ സേവനങ്ങൾക്കും പദ്ധതി വിവരങ്ങൾക്കുമായി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മേളയിലുണ്ട്. ഭക്ഷ്യവസ്തുക്കൾ മുതൽ കരകൗശല വസ്തുക്കൾ വരെയുള്ള ഗുണമേന്മയുള്ള വിവിധ ഉൽപന്നങ്ങൾ ഒരുക്കി വിപണന സ്റ്റാളുകളും മേളയിൽ സജീവം. കൈത്തറിയും, ആലങ്ങാട് ശർക്കര, തുടങ്ങിയ തനത് വിഭവങ്ങളും സ്റ്റാളുകളിൽ ലഭ്യം.

 

 ന്യായ വിലയിൽ സാധനങ്ങൾ വാങ്ങാൻ കൺസ്യൂമർ ഫെഡിന്റെയും സപ്ലൈകോയുടെയും സ്റ്റാളുകൾ സജ്ജമാണ്. കായിക പ്രേമികൾക്കും കുട്ടികൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് കായിക വകുപ്പിന്റെ സജ്ജീകരണങ്ങൾ. കളിയിലൂടെ ലഹരിക്കെതിരെ ബോധവത്ക്കരണം ഉറപ്പാക്കുകയാണ് എക്സൈസിൻ്റെ വിമുക്തി. ആർട്ടിഫിഷ്യൽ ഇന്റലിജെൻസും വേർച്ച്വൽ റിയാലിറ്റിയും അനുഭവപ്പെടുത്തി കാണികൾക്ക് അത്ഭുത കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നു വിവിധ വകുപ്പുകൾ.

 

രുചി വൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കി ഭക്ഷണ പ്രേമികൾക്ക് സ്വാദനുഭവം പകരുകയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷ്യമേള. പ്രശസ്തമായ വനസുന്ദരി ചിക്കനും ഡസനോളം വരുന്ന പായസവൈവിധ്യത്തിനും തിരക്കേറെ. രാത്രികളെ സംഗീതസാന്ദ്രമാക്കി പ്രശസ്തമായ ബാന്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത നിശയിലും വൻ ജനക്കൂട്ടമാണ് മറൈൻ ഡ്രൈവിൽ നിറയുന്നത്.

date