Skip to main content

എൻ്റെ കേരളം മേളയിൽ വന്നാൽ സെൻട്രൽ ജയിലും ഇരട്ട കഴുമരവും കാണാം

#ശ്രദ്ധേയമായി ജയിൽ വകുപ്പിൻ്റെ തീം പവലിയൻ#

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കാഴ്ചക്കാരിൽ കൗതുകമുണർത്തി ജയിൽ വകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാൾ. സിനിമയിൽ മാത്രം കണ്ടു ശീലിച്ച ജയിലുകൾ കാണാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സെൻട്രൽ ജയിലിന്റെ മാതൃകയിലാണ് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഇരട്ട കഴുമരവും പ്രദർശന മേളയിലെ പ്രധാന ആകർഷണമാണ്. കൗതുകം മാത്രമല്ല ഒരല്പം 'ഭീകരത' കൂടിയുണ്ട്. യഥാർത്ഥ വധശിക്ഷയുടെ നേർകാഴ്ചയാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഉപയോഗിക്കുന്നത് 'ഒറിജിനൽ' തൂക്കുകയറും, 'ഡമ്മി' പ്രതിമയും. ഒരേ സമയം രണ്ട് പേരെ തൂക്കിലേറ്റാൻ കഴിയുന്ന ഇരട്ട കഴുമരമാണ് മേളയിലെ ശ്രദ്ധാ കേന്ദ്രം.

ജയിലിൽ മൂന്ന് സെല്ലുകളാണുള്ളത്, സാധാരണ സെൽ, പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഇരുട്ട് മുറി, എ കെ ജി  സ്മാരക മുറി എന്നിവയെല്ലാം ജനങ്ങൾക്ക് കണ്ടറിയാം. പൊതുജനങ്ങൾക്ക് മനസിലാക്കാനായി പ്രിസം റൂൾ, ആക്ട് എന്നിവയും പ്രദർശനമേളയിൽ ഒരുക്കിയിട്ടുണ്ട്.

ഒൻപതര ഏക്കറോളം വരുന്ന പൂജപ്പുര സെൻട്രൽ ജയിലിന്റെ മിനിയേച്ചർ രൂപവും 'മതിലുകൾ' സിനിമയെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്കാരവും പ്രദർശനമേളയെ വേറിട്ടതാക്കുന്നു.

വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ  ജയിൽ അന്തേവാസികളാണ് മാതൃകാ ജയിൽ തയ്യാറാക്കിയത്. ജയിൽ കാണാൻ എത്തുന്നവരെ സ്വീകരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിന്റെ മാതൃകയിലുള്ള പ്രവേശന കവാടമാണ്.

വിവിധ ആയുധങ്ങൾ, തടവുകാരും ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്ന ആധുനിക കൂടിക്കാഴ്ച കേന്ദ്രം, സെല്ലുകൾ, ബാരക്കുകൾ എന്നിവയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

date