കനകക്കുന്നിൽ നങ്കൂരമിട്ട് വിഴിഞ്ഞത്തെ മദർഷിപ്പ്, വികസന വിരുന്നൊരുക്കി പി ആർ ഡി പവലിയൻ
കനകക്കുന്നിൽ നങ്കൂരമിട്ട് തലയെടുപ്പോടെ വിഴിഞ്ഞത്തെ വികസന കപ്പൽ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ ആരംഭിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയനിലാണ് വിഴിഞ്ഞം വിജയഗാഥയെ ഓർമിപ്പിച്ച് അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ട മദർഷിപ്പിന്റെ മാതൃക ഒരുക്കിയിരിക്കുന്നത്.
പ്രദർശനം കാണാൻ എത്തുന്നവർക്ക് എന്റെ കേരളം മാഗസിന്റെ മുഖചിത്രമാകാൻ അവസരം ഒരുക്കി 'ടേക്ക് എ സ്‌നാപ്' പോയിന്റും സജ്ജീകരിച്ചിട്ടുണ്ട്. പത്താം വർഷത്തിലേയ്ക്ക് കടക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ വിജയ നിമിഷങ്ങൾ പകർത്തിയ ചിത്ര പ്രദർശനവും മേളയുടെ ആകർഷണമാണ്.
സന്ദർശകർക്കായി ഒരു ക്വിസ് സോണും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. ലഹരിയെ തകർക്കാം എന്ന ആശയം പ്രചരിപ്പിക്കാൻ ഒരുക്കിയ ക്വിസ് മത്സരത്തിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം. കഴിഞ്ഞ വർഷങ്ങളിലെ മേളയിലൂടെ ജനപ്രിയമായി മാറിയ 360 ഡിഗ്രി ക്യാമറ ഇത്തവണയും പി ആർ ഡി പവലിയന്റെ പ്രധാന ആകർഷണമാണ്.
മലയോര ഹൈവേ, വാട്ടർ മെട്രോ തുടങ്ങി സർക്കാരിന്റെ വിവിധ അഭിമാന പദ്ധതികൾ പ്രദർശിപ്പിക്കുന്ന എൽഇഡി പോസ്റ്റർ ഡിസ്പ്ലേയും, ബഹുജന പങ്കാളിത്തത്തോടെ ഭൂരേഖ, വ്യവസായ സൗഹൃദത്തിൽ ഒന്നാമത്, കാർഷിക കേരളം ഹരിത കേരളം തുടങ്ങി സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പോസ്റ്റർ പ്രദർശനവും ഇത്തവണ പി ആർ ഡി പവലിയന്റെ ഭാഗമാണ്.
- Log in to post comments