ദേശീയ ഡെങ്കിപ്പനി ദിനാചരണം: ബോധവത്ക്കരണം നടത്തി
ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, സാമൂഹികാരോഗ്യകേന്ദ്രം വണ്ടന്മേട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം വണ്ടന്മേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. വണ്ടന്മേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജി.പി രാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ജോബിന് ജി ജോസഫ് , വണ്ടന്മേട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ .സാറാ ആന്‍ ജോര്‍ജ് , ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, ഏകാരോഗ്യം മെന്റര്‍, അംഗനവാടി വര്‍ക്കേഴ്സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഡെങ്കിപ്പനിയും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന് ജി. ജോസഫ് ക്ലാസ്സുകള്‍ നയിച്ചു. ഡെങ്കിപ്പനി ദിനാചരണ പ്രതിജ്ഞ വണ്ടന്മേട് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാറാ ആന്‍ ജോര്‍ജ് ചൊല്ലിക്കൊടുത്തു. ഏകാരോഗ്യം മെന്റര്‍ സാബു പകര്‍ച്ച വ്യാധി പ്രതിരോധത്തില്‍ ഏകാരോഗ്യം പദ്ധതിയുടെ പ്രാധാന്യത്തെ അധികരിച്ച് സംസാരിച്ചു. ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കുന്നതിനും, പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം സൃഷ്ടിക്കുന്നത് സംബന്ധിച്ച് തയ്യാറാക്കിയ വാഹനങ്ങളില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന രാജു വണ്ടന്മേട് മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് റാലിയും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഡെങ്കിപ്പനി ലക്ഷണങ്ങള്‍
പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ മേല്‍ വേദന, വയറ് വേദന, കണ്ണിനു പുറകില്‍ വേദന, ശരീരത്തില്‍ ചുവന്ന നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയും ചിലരില്‍ കാണപ്പെടുന്നു.
ഡ്രൈ ഡേ ആചരിക്കാം
കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ആഴ്ചയിലൊരക്കല് വെള്ളിയാഴ്ച സ്കൂള്‍, ശനി സ്ഥാപനങ്ങള്‍, ഞായര്‍ വീടുകള്‍ എന്നീ രീതിയില്‍ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന് ഡ്രൈ ഡേ ആചരിക്കണം. വൃത്തിയാക്കുമ്പോഴും കൊതുകിന്റെ കടിയേല്‍ക്കാതെ ലേപനങ്ങള്‍ പുരട്ടുകയോ ശരീരം പൊതിയുന്ന വസ്ത്രങ്ങള്‍ ധരിക്കുകയോ വേണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുന്‍പ് വീട്ടിനുള്ളില്‍ പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.
കെട്ടിടങ്ങളുടെ അകത്തും പുറത്തും മേല്‍ക്കൂരകളിലും വെള്ളം കെട്ടി നില്ക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.
വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വൃത്തിയാക്കുക.
വെള്ളം വയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക.കൊതുക് കടിക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം.
ചിത്രം- ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ പതിപ്പിക്കുന്നതിനായുള്ള സ്റ്റിക്കര്‍ വണ്ടന്മേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു വണ്ടന്മേട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി പ്രകാശനം ചെയ്യുന്നു.
- Log in to post comments