Skip to main content
കലക്‌ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ  സിറ്റിംഗിൽ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ പരാതികൾ കേൾക്കുന്നു

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ അഞ്ച് പരാതികള്‍ പരിഗണിച്ചു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കണ്ണൂര്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ പരാതികള്‍ പരിഗണിച്ചു. കാടാച്ചിറ സ്വദേശിയായ ഉദ്യോഗാര്‍ഥിക്ക് ന്യായമായി ലഭിക്കേണ്ട നിയമന നടപടികള്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തുന്നില്ലെന്ന പരാതിയില്‍, സാമ്പത്തിക ഇടപാട് കൂടി ഉള്‍പ്പെടുന്നതിനാല്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സിറ്റിംഗില്‍ തുടര്‍ച്ചയായി സ്‌കൂള്‍ മാനേജര്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ പോലീസ് ഇടപെട്ട് മാനേജറെ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കാനും നിര്‍ദേശിച്ചു. 
കേരള ബാങ്കിന്റെ എടക്കാട് ബ്രാഞ്ചില്‍ നിന്നും 20 ലക്ഷം രൂപ വായ്പ എടുത്തതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്‌തെന്ന പ്രവാസിയുടെ പരാതി കമ്മീഷന്റെ ഇടപെടല്‍ മൂലം രമ്യമായി പരിപരിച്ചു.  
ചൊക്ലി കേന്ദ്രീകരിച്ച് നാലര വര്‍ഷമായി നടത്തിവരുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിന്റെ കെട്ടിട ഉടമക്ക് വാടക ലഭിച്ചില്ലെന്ന പരാതിയില്‍ ന്യൂനപക്ഷ ഡയറക്ടറോട് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. 
വീര്‍പ്പാട് സ്വദേശിയുടെ ഉടമസ്ഥാവകാശ രേഖകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച പരാതിയില്‍ ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ സിറ്റിംഗില്‍ ഹാജരാകാത്തത് ഗുരുതര അനാസ്ഥയായി കമ്മീഷന്‍ വിലയിരുത്തി. റവന്യൂ സെക്രട്ടറിയെ കൂടി എതിര്‍ കക്ഷിയാക്കി അടിയന്തര റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിംഗില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കുകയും രണ്ട് പരാതികളില്‍ ഇടക്കാല തീരുമാനമാക്കുകയും ചെയ്തു. ഒരു പരാതി അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. പുതിയതായി ഒരു പരാതി ലഭിച്ചു. സിറ്റിംഗുകളില്‍ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com ഇ മെയില്‍ വിലാസത്തിലോ, 9746515133 വാട്ട്‌സാപ്പ് നമ്പറിലോ പരാതി നല്‍കാം.

date