Skip to main content
എൻഎബിഎൽ ന്റെ അംഗീകാര സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് വി സി സുബ്രഹ്മണ്യന് കൈമാറുന്നു

ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിക്ക് ദേശീയ അംഗീകാരം

 

ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസിന്റെ (എന്‍എബിഎല്‍) അംഗീകാരം. മണ്ണിലെ പ്രധാന ദ്വിതീയ സൂക്ഷ്മ മൂലകങ്ങളുടെ പരിശോധനക്കാണ് അംഗീകാരം. ജില്ലയില്‍ ദേശീയ അംഗീകാരം ലഭിക്കുന്ന കൃഷിവകുപ്പിന്റെ ആദ്യ ലാബാണ് തിക്കോടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളിലായി കൃഷിയിടങ്ങളിലെ മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് വ്യത്യസ്ത വിളകള്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ലാബില്‍നിന്ന് നല്‍കിവരുന്നുണ്ട്. മണ്ണ് പരിശോധനയോടൊപ്പം കുമ്മായത്തിന്റെയും ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും ഗുണനിലവാരവും ലാബില്‍ പരിശോധിക്കുന്നു. നിലവിലെ പരിശോധനകള്‍ക്കൊപ്പം മണ്ണിന്റെ ഭൗതിക-ജൈവഗുണ പരിശോധനയും കുടിവെള്ള പരിശോധനയും നടത്താനുള്ള തയാറെടുപ്പിലാണ് ലബോറട്ടറി. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും പരിശോധിച്ച മണ്ണ് സാമ്പിളുകളുടെ പരിശോധന ഫലം ക്രോഡീകരിച്ച് ജില്ലയുടെ സോയില്‍ ഫെര്‍ട്ടിലിറ്റി മാപ്പ് പ്രസിദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു.

എന്‍എബിഎല്‍ അംഗീകാര സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് വി സി സുബ്രഹ്‌മണ്യന് കൈമാറി. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി റീന, അംഗങ്ങളായ രാജീവ് പെരുമണ്‍പുറ, മുക്കം മുഹമ്മദ്, സീനിയര്‍ സയിന്റിഫിക് അസിസ്റ്റന്റ് കെ സിവിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

date