ആഡംബര സൗകര്യങ്ങൾ ഒരുക്കി കാരവാൻ ടൂറിസം
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ കാരവാൻ ടൂറിസത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ എത്തിച്ച കാരവാൻ സന്ദർശകർക്ക് കൗതുക കാഴ്ചയായി. യൂറോപ്യൻ രീതിയിലുള്ള സൗകര്യങ്ങളാണ് കാരവാനിൽ കാണാൻ സാധിക്കുക. സാധാരണ ജനങ്ങൾക്ക് പോക്കറ്റ് കാലിയാവാതെ ആഡംബര സൗകര്യങ്ങൾ അനുഭവിക്കാനുള്ള അവസരമാണ് കാരവാൻ ടൂറിസം ഒരുക്കുന്നത്.
ഫൈവ് സ്റ്റാർ ഹോട്ടലിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും കാരവാനിൽ ലഭ്യമാണ്. നാല് പേരടങ്ങുന്ന ഒരു ചെറിയ കുടുംബത്തിന് താമസിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയും. ദൂരെസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ വൃത്തിഹീനമായ മുറികളിൽ വലിയ വില കൊടുത്ത് താമസിക്കുക എന്ന ബുദ്ധിമുട്ട് മറികടക്കാൻ ഇതു വഴി സാധിക്കും.
നാല് റിക്ലൈനർ ചെയറുകൾക്ക് പുറമേ ടി.വി, ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, പാചകം ചെയ്യാനുള്ള സൗകര്യം , കുളിമുറി എന്നിങ്ങനെ ഒരു വീട്ടിലെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം കാരവാനിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് കാരവാൻ സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യ സേവനങ്ങൾക്ക് കാരവാനിനുള്ളിൽ രണ്ട് ഡ്രൈവർമാരും ഒരു ഗൈഡും എപ്പോഴും ഉണ്ടാകും.
- Log in to post comments