Skip to main content
പഴയങ്ങാടി റെയിൽവേ അടിപ്പാത: എം വിജിൻ  എംഎൽഎ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കുന്നു

പഴയങ്ങാടി റെയിൽവേ അടിപ്പാത: എംഎൽഎ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു

പഴയങ്ങാടി പുതിയ റയിൽവേ അടിപാതയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകുന്നതിന് മുന്നോടിയായി എം വിജിൻ എം എൽ എ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എഞ്ചിനിയർ അജിത്ത് രാമചന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിച്ചു. അടിപാതയുടെ ഭാഗമായി അപ്രോച്ച് റോഡിന് ആവശ്യമുളള സ്ഥലം ഏറ്റെടുക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് എം എൽ എ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിർദേശം നൽകി. നിലവിലുള്ള അടിപ്പാതക്ക് സമീപത്താണ് പുതിയ അടിപാത നിർമ്മിക്കുന്നത്. ആറ് മീറ്റർ വീതിയുണ്ടാകും. അടിപാത പൂർത്തിയായാൽ വൺ വെ സംവിധാനം ഏർപ്പെടുത്തും. സാങ്കേതിക പരമായി മഴക്കാലത്ത് പ്രവൃത്തി ആരംഭിക്കാൻ സാധിക്കില്ല. എന്നാൽ അതിന് മുൻപ് തന്നെ തുടർ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തികരിച്ച് ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു. ഗതാഗത കുരുക്ക് നേരിടുന്ന അടിപാതക്ക് വീതി കൂട്ടണം എന്നത്   കഴിഞ്ഞ 25 വർഷമായുള്ള ആവശ്യമാണ്. ജനങ്ങളുടെ പ്രധാന ആവശ്യം പരിഗണിച്ച് അടിപ്പാത  വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും എം വിജിൻ എം എൽ എ പറഞ്ഞു. 

എം എൽ എയുടെയും റയിൽവേയുടെയും പൊതുമരാമത്ത് വകുപ്പ്  ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നിർദ്ദിഷ്ട അടിപ്പാത നിർമ്മിക്കുന്ന സ്ഥലത്ത്  നേരത്തെ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടെണ്ടർ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ സെപ്തംബർ മാസത്തോടെ പൂർത്തി കരിക്കാനും ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കാനുമാണ് തീരുമാനിച്ചത്.  ആറ് മാസത്തിനകം പ്രവൃത്തി പൂർത്തികരിക്കാൻ സാധിക്കുമെന്ന് റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആറ് കോടി രൂപയാണ് പഴയങ്ങാടി റയിൽവേ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ  ബജറ്റിൽ അനുവദിച്ചത്. ഒരു കോടി രൂപ കൂടി അനുവദിക്കുന്നതിന് എംഎൽഎ ധനകാര്യ വകുപ്പ് മന്ത്രിക്ക്‌ കത്ത് നൽകിയിട്ടുണ്ട്. ഡ്രോയിംഗ്, വിശദമായ എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിന് സംസ്ഥാന സ‍ർക്കാർ 8.30 ലക്ഷം രൂപ റെയിൽവേയ്ക്ക് സെന്റേജ് ചാർജായി നേരത്തെ അടച്ചിരുന്നു. റയിൽവേയും  സംസ്ഥാന സർക്കാരും സംയുക്തമായുള്ള നടപടി ക്രമങ്ങൾ നടത്തി വരികയാണ്. പുതിയ അടിപ്പാത, അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനായി സംബ്ടാങ്ക്, പുഴയിലേക്ക് ഓവുചാൽ നിർമ്മാണം, അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡിന്റെ അറ്റകുറ്റപണി എന്നിവ ഉൾപ്പടെ  പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. 

എം എൽ എ യോടൊപ്പം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ റാം കിഷോർ പി, അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീരാഗ് കെ, വിപിൻ എന്നിവരും ഉണ്ടായിരുന്നു.

date