കായിക വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപനം 26 ന് തിരൂരില്‍; സ്വാഗതസംഘം യോഗം ചേർന്നു സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നയിക്കുന്ന `കിക്ക് ഡ്രഗ്സ് - സേ യെസ് ടു സ്പോര്‍ട്സ്' ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാന തല സമാപനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം യോഗം ചേർന്നു. മെയ് 26ന് വൈകീട്ട് 3.30ന് തിരൂരിലാണ് സമാപനം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തിരൂര്‍ ഖലീസ് ഹോട്ടലിൽ ചേർന്ന സ്വാഗത സംഘം യോഗം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിക് കൈനിക്കര അധ്യക്ഷനായിരുന്നു. തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, ഡിവൈഎസ്പി സി. പ്രേമാനന്ദകൃഷ്ണൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു സൈനുദ്ദീൻ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജലീൽ മയൂര, ഗഫൂർ പി ലില്ലിസ്, ബി ആർ അർജുൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, സംഘടനാ പ്രവർത്തകരും, വ്യാപാരികളും ചടങ്ങിൽ സംബന്ധിച്ചു.
ജില്ലാ കലക്ടര്‍ വി.ആര്‍.വിനോദ് ചെയര്‍മാനും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍ ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചിരുന്നു. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അധ്യക്ഷര്‍ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തിട്ടുണ്ട്. സര്‍വീസ് സംഘടനകള്‍, കായിക അസോസിയേഷനുകള്‍, ട്രേഡ് യൂണിയനുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി., സ്‌കൗട്ട് & ഗൈഡ്‌സ്, എസ്.പി.സി., ജെ.ആര്‍.സി, ട്രോമ കെയര്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും സംഘാടകസമിതി അംഗങ്ങളാണ്.
തിരൂരില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ചെയര്‍മാനും സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
26 ന് രാവിലെ ആറിന് പെരിന്തല്‍മണ്ണയില്‍ മാരത്തോണും ഏഴിന് വാക്കത്തോണും നടക്കും. തുടര്‍ന്ന് കായികവകുപ്പ് മന്ത്രിയുടെ `കിക്ക് ഡ്രഗ്സ് - സേ യെസ് ടു സ്പോര്‍ട്സ്' എന്ന ലഹരി വിരുദ്ധ സന്ദേശയാത്രയെ സ്വീകരിക്കും. 11 മണിയോടെ സന്ദേശയാത്ര മലപ്പുറത്തെത്തും. തിരൂരിലെ സമാപന പരിപാടിയില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വാക്കത്തോണ്‍, കളറിംഗ് മത്സരം, ആയോധന കലകളുടെ പ്രദര്‍ശനങ്ങള്‍, ഫ്ളാഷ് മോബ്, ബോഡിബില്‍ഡിംഗ് മോഡലിംഗ്, റോളര്‍ സ്‌കേറ്റിംഗ്, സൈക്ലിംഗ്, നൃത്ത-നൃത്യങ്ങള്‍, ഗാനമേള തുടങ്ങിയ വിവിധ കലാപ്രകടനങ്ങള്‍ നടക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ കര്‍മ്മ പദ്ധതി വിശദീകരണം തുടങ്ങിയ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- Log in to post comments