Skip to main content

കലാമണ്‌ഡലം പുതിയ ക്യാമ്പസ്‌ :  നിര്‍ദ്ദേശം പരിഗണനയില്‍ - മന്ത്രി എ കെ ബാലന്‍

കേരള കലാമണ്‌ഡലത്തിന്റെ പുതിയ ക്യാമ്പസിനുളള നിര്‍ദ്ദേശം സാംസ്‌കാരിക വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന്‌ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കലാമണ്‌ഡലത്തിന്റെ വികസനത്തിന്‌ സര്‍വസഹായവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കലാമണ്‌ഡലം വാര്‍ഷികത്തിന്റേയും വളളത്തോള്‍ ജയന്തിയുടെയും ഭാഗമായി കുത്തമ്പലത്തില്‍ നടന്ന മുകുന്ദരാജ അനുസ്‌മരണ സമ്മേളനം ഭോജനശാല, കളരികള്‍ എന്നിവയുടെ ഉദ്‌ഘാടനം എന്‍ഡോവ്‌മെന്റുകളുടെ വിതരണം എന്നിവ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി എ കെ ബാലന്‍.
കേരളത്തിന്റെ പെരുമയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്‌ കേരള കലാമണ്‌ഡലവും കഥകളിയുമാണ്‌. വിശ്വഭാരതിപോലെ കലാമണ്‌ഡലത്തെ സമ്പൂര്‍ണ്ണ സര്‍വകലാശാലയാക്കുകയാണ്‌ ലക്ഷ്യം. അതിന്‌ ഒരുപാട്‌ കടമ്പകള്‍ മറികടക്കേണ്ടതുണ്ട്‌. നമ്മുടെ സാംസ്‌കാരിക സമ്പന്നതയെ ഫലപ്രദമായി പ്രചരിപ്പിക്കാനും മുതല്‍കൂട്ടാക്കി മാറ്റാനും നമുക്ക്‌ കഴിഞ്ഞിട്ടില്ല. അതിനുകുന്ന ഇടമായി കലാമണ്‌ഡലത്തെ മാറ്റും. പുതിയ ഓഫീസ്‌, പുതിയ ലൈബ്രറി, പുതിയ പഠനവിഭാഗം എന്നിവ ഉള്‍പ്പെടെയുളള കെട്ടിടങ്ങള്‍ കലാമണ്‌ഡലത്തിനായി നിര്‍മ്മിക്കും. കല്‍പിത സര്‍വകലാശാലയായി ഉയര്‍ത്തിയിരുന്നുവെങ്കിലും കലാമണ്‌ഡലത്തിന്റെ മുന്നോട്ട്‌ പോക്ക്‌ ആശാവഹമായിരുന്നില്ല. ഇത്‌ മാറ്റും. ലക്ഷ്യം നേടുന്നതിന്‌ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തും. സൗഹാര്‍ദ്ദത്തിന്റേയും സ്‌നേഹത്തിന്റേയും മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന സ്ഥാപനമായി, സര്‍വലകലാശാലയായി കലാമണ്‌ഡലത്തെ മാറ്റും. മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
കലാമണ്‌ഡലം വൈസ്‌ ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കിളളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ ഛായചിത്രം മന്ത്രി എ കെ ബാലന്‍ അനാഛാദനം ചെയ്‌തു. മലയാളം സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. അനില്‍ വളളത്തോള്‍ മുകുന്ദരാജ അനുസ്‌മരണ പ്രഭാഷണം നടത്തി. കിളളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്‌ അനുസ്‌മരണം എം പി എസ്‌ നമ്പൂതിരി നിര്‍വഹിച്ചു. കലാമണ്‌ഡലം എന്‍ഡോവ്‌മെന്റുകള്‍ മന്ത്രി എ കെ ബാലന്‍ വിതരണം ചെയ്‌തു. മുകുന്ദരാജ സ്‌മൃതി പുരസ്‌ക്കാരം എസ്‌ ശ്രീനിവാസനും കലാരത്‌ന പുരസ്‌ക്കാരം കലാമണ്‌ഡലം ലീലാമണിയും ഏറ്റ്‌ വാങ്ങി. കിളളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്‌ എന്‍ഡോവ്‌മെന്റ്‌ കലാമണ്‌ഡലം എം പി എസ്‌ നമ്പൂതിരി, പൈങ്കുളം രാമചാക്യാര്‍ സ്‌മാരക പുരസ്‌ക്കാരം രജനീഷ്‌ ചാക്യാര്‍, വടക്കന്‍ കണ്ണന്‍ നായര്‍ സ്‌മൃതി പുരസ്‌ക്കാരം കലാമണ്‌ഡലം ബി സി നാരായണന്‍, കെ എസ്‌ ദിവാകരന്‍ നായര്‍ സ്‌മാരക സൗഗന്ധിക പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി കലാമണ്‌ഡലം ഗീതാനന്ദന്‍, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ്‌ കലാമണ്‌ഡലം ശ്രീനാഥ്‌, ഡോ. വി എസ്‌ ശര്‍മ്മ എന്‍ഡോവ്‌മെന്റ്‌ കലാമണ്‌ഡലം നീരജ്‌ എന്നിവര്‍ക്ക്‌ മന്ത്രി എ കെ ബാലന്‍നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കുളള എന്‍ഡോവ്‌മെന്റകളും ചടങ്ങില്‍ വിതരണം ചെയ്‌തു. എം എം പ്രസന്ന, വളളത്തോള്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പത്മജ, സ്റ്റാഫ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി കെ വാസു, ഭരണസമിതി അംഗങ്ങളായ വളളത്തോള്‍ വാസന്തി മേനോന്‍, ഡോ. എന്‍ കെ ഗീത, കലാമണ്‌ഡലം പ്രഭാകരന്‍, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, പ്രൊഫ. വട്ടപറമ്പില്‍ ഗോപിനാഥപിളള, കലാമണ്‌ഡലം സരസ്വതി, മറ്റ്‌ ജനപ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വികസന സമിതി ചെയര്‍മാന്‍ ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്‌ സ്വാഗതവും അക്കാദമിക്‌ കോ-ഓര്‍ഡിനേറ്റര്‍ ചുമതലയുളള എസ്‌ ഗോപകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ മാര്‍ഗി സജീവ്‌ നാരായണന്‍ ചാക്യാരുടെ ചാക്യാര്‍കുത്ത്‌, കുമാരി സ്‌നേഹ ശ്രീകുമാറിന്റെ തുളളല്‍, ഡോ. രജിത രവിയുടെ മോഹിനിയാട്ടം എന്നിവ അരങ്ങേറി. ഇന്ന്‌ (നവംബര്‍ 9) രാവിലെ വളളത്തോള്‍ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടക്കും. തുടര്‍ന്ന്‌ കൂത്തമ്പലത്തില്‍ ഡോ. സി രാജേന്ദ്രന്‍ വളളത്തോള്‍ അനുസ്‌മരണ പ്രഭാഷണം നടത്തും. വളളത്തോള്‍ ഡോക്യൂമെന്ററി പ്രദര്‍ശനം, കാവ്യാര്‍ച്ചന, പഞ്ചവാന്ദ്യം തുടങ്ങിയവ അരങ്ങേറും. വൈകീട്ട്‌ നടക്കുന്ന വാര്‍ഷിക സമ്മേളനവും ഫെല്ലോഷിപ്പ്‌ അവാര്‍ഡ്‌ സമര്‍പ്പണവും നിയമസഭ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. കലാമണ്‌ഡലം വൈസ്‌ ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. പി കെ ബിജു എംപി മുഖ്യപ്രഭാഷണം നടത്തും. യു ആര്‍ പ്രദീപ്‌ എം എല്‍ എ മുഖ്യാതിഥിയാകും. സ്റ്റാഫ്‌ സമിതി ചെയര്‍മാന്‍ ടി കെ വാസു സ്വാഗതവും അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ എന്‍ കെ രാധാകൃഷ്‌ണന്‍ നന്ദിയും പറയും. തുടര്‍ന്ന്‌ സംഗീതകച്ചേരി, മോഹിനിയാട്ടം, കഥകളി എന്നിവ അരങ്ങേറും. 

 

date