Skip to main content

അങ്ങനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കേരളമെത്തി

 

 * നവോത്ഥാന ചരിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും വഹിച്ച പങ്ക് വലുതാണ്. ഈ ചരിത്ര വഴികളിലേക്കുള്ള യാത്രയാണ് വി.ജെ.ടി ഹാളില്‍ ഒരുക്കിയിരിക്കുന്ന 'ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേയ്ക്ക്' നവോത്ഥാന ചരിത്ര പ്രദര്‍ശനം. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, സാംസ്‌കാരികം,  പുരാരേഖ-പുരാവസ്തു വകുപ്പുകള്‍ സംയുക്തമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 

  കേരളത്തിന്റെ ഇരുണ്ട കാലത്തെ ഓര്‍മ്മപ്പെടുത്തുന്നതും നവോത്ഥാനത്തിന്റെ വഴികളിലേയ്ക്കു നയിച്ച മുന്നേറ്റങ്ങളും ഭാവിയെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള ആശയങ്ങളെ നിര്‍മ്മിക്കുന്ന തരത്തിലുമാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസ്ഥാപിത ചരിത്രം കാണാത്തതോ തിരസ്‌കരിക്കുകയോ ചെയ്ത ചരിത്രമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധി പേരാണ് എത്തുന്നത്. അയിത്തം, അടിമത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ, ആചാരങ്ങള്‍, അനാചാരങ്ങളള്‍ എന്നിവയെല്ലാം അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ഭാഗമായി കേരളത്തില്‍ എങ്ങനെയാണ് ഒരു വിഭാഗം നിലനിര്‍ത്തിയിരുന്നതെന്ന് പ്രദര്‍ശനം വ്യക്തമാക്കുന്നു.

  ക്ഷേത്രപ്രവേശന വിളംബരത്തിലേയ്ക്ക് നയിച്ച നിരവധി സമരങ്ങളാണ് കേരളത്തില്‍ നടന്നിട്ടുള്ളത്. കേരള നവോത്ഥാനത്തെ പ്രോജ്വലമാക്കിയ ചാന്നാര്‍ സമരം മുതല്‍ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ പാഠം നല്‍കിയ വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവുമെല്ലാം അതില്‍ പ്രധാനമാണ്. ഈ മുന്നേറ്റങ്ങളുടെ ചരിത്രരേഖകളടക്കം പ്രദര്‍ശനത്തിലുണ്ട്. 

കേരള നവോത്ഥാന ചരിത്രത്തിലെ ധീരപോരാളിയായ വൈകുണ്ഠസ്വാമി, നവോത്ഥാനത്തിന്റെ രക്തസാക്ഷി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഉദ്‌ഘോഷിച്ച നാരായണ ഗുരു മിശ്രഭോജനത്തിലൂടെ വിപ്ലവം സൃഷ്ടിച്ച സഹോദരന്‍ അയ്യപ്പന്‍, വില്ലുവണ്ടി യാത്രയിലൂടെ ചരിത്രത്തെ നിര്‍മ്മിച്ച അയ്യന്‍കാളി, ജാതിക്കെതിരെ പടപൊരുതിയ ആനന്ദതീര്‍ത്ഥന്‍, ബ്രഹ്മാനന്ദശിവയോഗി, നവോത്ഥാനത്തിന്റെ നക്ഷത്രമായ വക്കം മൗലവി, നവ ചിന്തയ്ക്ക് രൂപം കൊടുത്ത പൊയ്കയില്‍ കുമാരഗുരു, എഴുത്തിലൂടെ ജാതിയെ നിശിതമായി വിമര്‍ശിച്ച പണ്ഡിറ്റ് കറുപ്പന്‍ എന്നിവരുടേതുള്‍പ്പെടെ നിരവധി നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.   

വൈക്കം സത്യഗ്രഹത്തെക്കുറിച്ച് നാരായണഗുരു പറഞ്ഞതും വൈക്കത്ത് എത്തിയ ഗാന്ധിജിയെ മഠത്തില്‍ കയറ്റാതെ പുറത്തിരുത്തിയതും പ്രദര്‍ശനത്തിലുണ്ട്. വില്ലുവണ്ടി സമരം, മുക്കുത്തി സമരം, കല്ലുമാല ബഹിഷ്‌കരണം തുടങ്ങിയ സമരങ്ങളുടെ ചരിത്രമാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. മീശവെയ്ക്കാനും മുക്കുത്തിധരിക്കാനുമായി നടന്ന സമരം, കുറുമ്പന്‍ ദൈവത്താന്റെ ക്ഷേത്രപ്രവേശന സമരം, അധ:സ്ഥിതര്‍ക്കു നേരെനടന്ന വിവിധ ആക്രമണങ്ങള്‍, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ക്ഷേത്രപ്രവേശന വിളംബരങ്ങള്‍ ഇവയെല്ലാം ചരിത്ര പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നു. 

  ചരിത്രമുഹൂര്‍ത്തങ്ങള്‍ ആലേഖനം ചെയ്ത പഴയ പത്രങ്ങള്‍, ചിത്രങ്ങള്‍, ചരിത്രരേഖകള്‍, രേഖാചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം നാളെ (നവംബര്‍12) സമാപിക്കും. 

പി.എന്‍.എക്‌സ്. 5006/18

date