നാടിൻ്റെ നന്മ കൂടുതൽ വളർത്തിയെടുക്കുവാൻ ഉള്ള ഇടപെടലുകൾ കലാസാംസ്കാരിക സാഹിത്യപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം- മുഖ്യമന്ത്രി; സംസ്ഥാനത്തെ സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരരുമായി സംവദിക്കുന്ന 'പരസ്പരം പരിപാടി തൃശ്ശൂരിൽ നടന്നു
നമ്മുടെ നാടിൻ്റെ നന്മ കൂടുതൽ വളർത്തിയെടുക്കുവാൻ ഉള്ള ഇടപെടലുകൾ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിൻ്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കലാസാംസ്കാരിക പ്രമുഖരുമായി തൃശ്ശൂർ ലുലു കൺവെൻഷൻ സെൻററിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഗുണനിലമായി കേരളം തുടരുന്നു. മാനവിക മൂല്യങ്ങൾക്ക് വളരെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സമൂഹം വാർത്തെടുക്കാൻ ശ്രമങ്ങൾ ഉണ്ടായി.
അതിന് ഫലപ്രദമായ തുടർച്ച ഉണ്ടായപ്പോൾ കേരളീയ സമൂഹത്തിൽ നല്ല മാറ്റങ്ങൾ വന്നു. മാതൃകാപരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന് കലാ-സാംസ്കാരിക-സാഹിത്യ നായകർ വലിയ പങ്കുവെച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. വളരെ ക്രിയാത്മകമായ ഇടപെടലുകളാണ് ഇക്കാര്യത്തിൽ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ, ഒരു ഘട്ടം എത്തിക്കഴിഞ്ഞപ്പോൾ അതേ രീതിയിൽ നാം തുടരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
കേരളീയ സമൂഹത്തിന് മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ എല്ലാവരും അവരവരുടെ പങ്കുവഹിച്ചു. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ വലിയ തോതിൽ കേരള സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകർ വഹിച്ച പങ്ക് വലുതാണ്.
സംസ്ഥാനത്ത് ഉണ്ടാകുന്ന തെറ്റായ, പുറകോട്ട് അടിക്കുന്ന ശ്രമങ്ങളെ കേരളത്തിൻ്റെ സാംസ്കാരിക പുരോഗമന സമൂഹത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്. ശരിയായ തിരിച്ചറിവുകളോടെ പ്രതികരിക്കുവാനും ഇടപെടുവാനും കലാസാംസ്കാരിക സാഹിത്യപ്രവർത്തകർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നവകേരളം യാഥാർത്ഥ്യം ആവണമെങ്കിൽ ഭേദചിന്ത ഇല്ലാത്ത സമൂഹത്തെ സൃഷ്ടിക്കണം. അതിനായി സമൂഹത്തിലെ ഇരുട്ടിൻ്റെ ശക്തിയെ മറികടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളം എന്നത് ഏതെങ്കിലും പ്രത്യേകമായ രീതിയിലുള്ള ഒരു വികസനമല്ലെന്ന് ചോദ്യങ്ങൾക്കുള്ള മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വികസനം പലതരത്തിലുണ്ട്. നമ്മുടെ നാടിന് ആവശ്യം സർവതല വികസനമാണ്.
നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും വികസനത്തിൻ്റെ രുചി അറിയണം. നാടിൻറെ എല്ലാ പ്രദേശത്തും വികസനം എത്തണം. നമ്മുടെ രാജ്യം ഏറ്റവും അധികം ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. അത്തരത്തിലൊരു രാജ്യത്തുനിന്നാണ് ആദ്യദരിദ്രരില്ലാത്ത സംസ്ഥാനം എന്ന പദവിയിലേക്കും പ്രഖ്യാപനത്തിലേക്ക് നമ്മൾ കടക്കുന്നത്. ഈ നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ്. പൊതു വിതരണ സംവിധാനം , പൊതുവിദ്യാഭ്യാസ മേഖല, ആരോഗ്യരംഗം എന്നിവ ശക്തിപ്പെടുത്തിയതിലൂടെയാണ് നമുക്ക് ഈ നേട്ടം കൈവരിക്കാൻ ആയതെന്ന് അദ്ദേഹം പറഞ്ഞു.
നാടിനോടും ജനങ്ങളോടും പ്രതിബദ്ധത നല്ലപോലെ ഉണ്ട്. ആ നയമാണ് ഇവിടെ നടപ്പാക്കുന്നത്. നമ്മുടെ ലോകത്തെ വികസന രാഷ്ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ ജീവിത തുല്യമായ തോതിലേക്ക് കേരളീയ സമൂഹത്തെ ഉയർത്തുക എന്നതാണ് നാം ഉദ്ദേശിക്കുന്നത് . അതിനുള്ള സാമൂഹ്യ പശ്ചാത്തലം കൂടി നമുക്ക് നല്ല രീതിയിൽ ഒരുക്കാൻ കഴിയേണ്ടതുണ്ട്. അത്തരം കാര്യങ്ങളിൽ സാംസ്കാരിക രംഗത്തുള്ളവരുടെ പിന്തുണ കൂടിയും അഭ്യർത്ഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
പറഞ്ഞകാര്യങ്ങളെല്ലാം ഒന്നൊന്നായി പൂർത്തീകരിച്ച് ഒൻപത് വർഷം തികയ്ക്കുന്ന സർക്കാരിന് സാംസ്കാരിക കേരളം നൽകുന്ന ആദരവാണ് പരസ്പരം പരിപാടിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ വിഭാഗം കലാകാരൻമാരെയും ചേർത്ത് നിർത്തിയാണ് സർക്കാർ മുന്നേറുന്നത്. രാജ്യത്തിനു തന്നെ മാതൃകയാകുന്ന നിരവധി പദ്ധതികൾ കലാകാരർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കി. വജ്രജൂബിലി ഫെലോഷിപ്പ് ഏർപ്പെടുത്തി കലാപരിശീലനം സമൂഹത്തിന്റെ താഴെ തലം വരെ എത്തിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തനത് കലാരൂപങ്ങളുടെ സംരക്ഷണത്തിനും പ്രചരണത്തിനുമായി നിരവധി പദ്ധതികൾ നടപ്പാക്കി. ഗോത്രവർഗ കലാകാരർ, ഭിന്നശേഷി കലാകാരർ, തീരദേശ കലാകാരർ, ട്രാൻസ്ജെൻഡർ കലാകാരർ തുടങ്ങി സമൂഹത്തിന്റെ വിവിധങ്ങളായ എല്ലാവിഭാഗം കലാകാരർക്കുമായി പ്രത്യേകം പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാംസ്കാരിക രംഗത്തെ ചലനാത്മകമായ ഇടപെടലുകളുടെ നേർസാക്ഷ്യമായ സാംസ്കാരിക പ്രദർശനശാല മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗുരു ഗോപിനാഥ് നാട്യഗ്രാമം അവതരിപ്പിക്കുന്ന സ്വാഗതനൃത്തരൂപത്തോടെയാണ് പരിപാടി തുടങ്ങിയത്.
മന്ത്രിമാരായ അഡ്വ. കെ രാജൻ, ഡോ. ആർ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി. കെ. രാമചന്ദ്രൻ, കെ രാധാകൃഷ്ണൻ എം.പി, തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, എംഎൽഎമാരായ പി ബാലചന്ദ്രൻ, എ.സി മൊയ്തീൻ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി എസ് പ്രിൻസ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.
സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പരസ്പരം പരിപാടിക്ക് വിവിധ അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും നേതൃത്വം നൽകി. പതിനാല് ജില്ലകളില്‍ നിന്നായി 2500 സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവു തെളിയിച്ച 15 പ്രമുഖ വ്യക്തികളെ വേദിയിൽ ആദരിച്ചു.
- Log in to post comments