*സോഷ്യൽ മീഡിയ ഉപയോഗം: അവബോധം വളർത്തണം* ; സോഷ്യൽ മീഡിയയിലെ മോശം പ്രവണതകൾ സംവദിച്ച് ചലച്ചിത്ര താരം അൻസിബ ഹസ്സൻ
സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച മുഖ്യമന്ത്രിയുമായുള്ള പരസ്പരം സംവാദ പരിപാടിയിൽ സോഷ്യൽ മീഡിയയിലെ മോശം പ്രവണതകളെക്കുറിച്ചായിരുന്നു ചലച്ചിത്ര താരം അൻസിബ ഹസ്സൻ്റെ ചോദ്യം. വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി സോഷ്യൽ മീഡിയയിലെ ദുരുപയോഗം മാറുന്നു. അനുവാദം കൂടാതെ ദുരുദ്ദേശ്യത്തോടെയുള്ള വീഡിയോ ചിത്രീകരണവും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും ഒരു പ്രവണതയായി വളർന്നുവരുന്നു. സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യുന്ന ഇത്തരം വീഡിയോകൾ അതതു മാധ്യമങ്ങൾക്ക് പരാതി നൽകി പിൻവലിക്കാൻ പലപ്പോഴും സാധിക്കാത്ത സാഹചര്യമാണ്. വ്യക്തി സ്വകാര്യതയ്ക്ക് ഒരു പ്രാധാന്യവും നൽകാതെയാണ് സോഷ്യൽ മീഡിയ പേജുകൾ പ്രവർത്തിക്കുന്നതെന്നും വിഷയത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അൻസിബ പറഞ്ഞു.
പരിധിവിടുന്ന സോഷ്യൽ മീഡിയയിലെ മോശം പ്രവണതകൾ ഗൗരവകരമായി കാണുന്നതായി മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലെ സാമൂഹിക ഇടപെടലിന് പൊതുബോധം വളർത്തേണ്ടതിന്റെ അനിവാര്യതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലുള്ള നിയമങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. നിലവിലെ നിയമത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രശ്നം ഗൗരവകരമായി കണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments