*എൻ്റെ കേരളം പ്രദർശന മേള : ചൂരല്‍മല ദുരന്തത്തിലെ രക്ഷാദൗത്യം പുനരാവിഷ്‌കരിച്ച് അഗ്‌നിരക്ഷാ സേന* ; *അഗ്‌നിരക്ഷാ സേനയുടെ സ്റ്റാൾ മന്ത്രി കെ രാജൻ സന്ദർശിച്ചു*
ചൂരല്‍മല ദുരന്തത്തില്‍ മുണ്ടക്കൈയില്‍ അകപ്പെട്ട കൈക്കുഞ്ഞിനെ കയറിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ മുഖം ആരുടെയും മനസ്സില്‍നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ദുരന്തത്തില്‍ അഗ്‌നിരക്ഷാ സേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വര്‍ക്കിംഗ് മോഡല്‍ ഒരുക്കി ഒരിക്കല്‍കൂടി അന്നത്തെ നടുക്കുന്ന ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് തേക്കിൻകാട് മൈതാനിയിലെ എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ അഗ്‌നിരക്ഷാ സേനയുടെ സ്റ്റാള്‍. വെള്ളാര്‍മലയും മുണ്ടക്കൈയും സെന്റിനെന്റല്‍ റോക്കും ടീ ഫാക്ടറിയും അടയാളപ്പെടുത്തിയ മോഡല്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത തൃശൂർ ജില്ലയിലെ വിവിധ അഗ്നിരക്ഷാ സേനാ യൂണിറ്റിലുള്ള അംഗങ്ങള്‍ തന്നെ കേരളത്തെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകളിലെ രക്ഷാ ദൗത്യത്തെ കുറിച്ച് വിശദീകരിക്കുമ്പോള്‍ വിദ്യാർത്ഥികളും യുവജനങ്ങളും മുതിർന്ന പൗരൻമാരും അടങ്ങിയ മേള സന്ദർശിക്കാനെത്തിയവരിൽ ഒരേസമയം ആകാംക്ഷയും ഭീതിയും വന്നുനിറയും.
ഇതിനിടെ മേള സന്ദർശിക്കാനായി റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ കൂടിയെത്തി. സ്റ്റാളിലെത്തിയ മന്ത്രി സെൽഫിയെടുക്കലും മറ്റുമായി കുട്ടികളോടൊപ്പം കൂടിയപ്പോൾ അഗ്നിരക്ഷാസേനയുടെ വസ്ത്രമണിഞ്ഞ കുട്ടിക്കൂട്ടത്തിനും സന്തോഷം.
അഗ്‌നിരക്ഷാ സേനയുടെ മറ്റു പ്രധാന രക്ഷാദൗത്യങ്ങളായ ആമഴിയഞ്ചാം തോടും ബ്രഹ്‌മപുരവും പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളും സ്റ്റാളിൽ ഒരുക്കിയ എൽ.ഇ.ഡി വാളിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂബ ഡൈവിങ്, തീയില്‍നിന്ന് രക്ഷ നേടുന്നതിനുള്ള പ്രത്യേക വസ്ത്രം, അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കയർ ഉപയോഗിച്ചുള്ള വിവിധ തരം കെട്ടുകൾ എന്നിവയെല്ലാം സ്റ്റാളിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മേളയിലെ ഏറ്റവും ആകർഷണീയമായ സ്റ്റാളുകളിൽ ഒന്നാണ് അഗ്നിരക്ഷാ സേന ഒരുക്കിയ സ്റ്റാൾ. വീടുകളിൽ പാചകവാതകം മൂലം ഉണ്ടാവുന്ന അപകടങ്ങളിൽ തീ അണയ്ക്കുന്നതിന് സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ, ഫയർ എക്‌സ്‌റ്റിംഗ്യൂഷർ ഉപയോഗിക്കുന്ന വിധം, സിപിആർ പോലുള്ള പ്രാഥമിക ശ്രുശൂഷ എങ്ങനെ നൽകാമെന്ന ബോധവത്കരണവുമായി അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും സ്റ്റാളുകളിൽ സജ്ജരാണ്.
- Log in to post comments