മാവേലിക്കരയിൽ ഒമ്പത് കോടി രൂപയുടെ വികസന പദ്ധതികൾ ഉടൻ ആരംഭിക്കും: എംഎസ് അരുൺ കുമാർ എംഎൽഎ
മാവേലിക്കര മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ അനുവദിച്ച ഒമ്പത് കോടി രൂപയുടെ വിവിധ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് എം എസ് അരുണ്‍കുമാര്‍ എംഎല്‍എ അറിയിച്ചു. 2020- 21 മുതൽ ബജറ്റിൽ അനുവദിച്ചതും മേജർ മൈനർ ഇറിഗേഷൻ വകുപ്പുകൾ മുഖേന നടപ്പാക്കേണ്ടതുമായ പദ്ധതികളുടെ തൽസ്ഥിതി പരിശോധിക്കണം എന്ന് അഭ്യർഥിച്ച് എംഎൽഎ നൽകിയ കത്തിനെ തുടർന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
തഴക്കര പഞ്ചായത്ത് വാർഡ് 7 ൽ കല്ലുവളയം സെൻ്റ്തോമസ് പള്ളിക്ക് സമീപം അച്ചൻകോവിലാറിന്റെ തീരത്ത് സംരക്ഷണ ഭിത്തി നിർമ്മാണം (3 കോടി), മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വലിയ കുളവും കണ്ടിയൂർ മഹാദേവർ ക്ഷേത്ര കുളവും പുനരുദ്ധാരണം (1.5 കോടി), തഴക്കര പഞ്ചായത്തിലും നൂറനാട് പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന വെട്ടിയാർ തോട്ടിൽ ചീപ്പ് നിർമ്മാണവും സംരക്ഷണ ഭിത്തി നിർമ്മാണവും (2 കോടി), മണ്ഡലത്തിലെ വിവിധ തോടുകൾക്ക് സംരക്ഷണ ഭിത്തിയും കലുങ്കും നിർമ്മാണം (2 കോടി), മാവേലിക്കര കോട്ടാത്തോട് നവീകരണം (70 ലക്ഷം) എന്നിവയാണ് പദ്ധതികൾ. കണ്ടിയൂർ ക്ഷേത്രക്കുളം നവീകരണം ടെൻഡർ ചെയ്ത് കരാർ അംഗീകരിക്കുന്ന ഘട്ടത്തിലാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വലിയകുളം നവീകരണം രണ്ടുതവണ ടെൻഡർ ചെയ്തെങ്കിലും കരാറെടുക്കാൻ ആളില്ലാതെ വന്നതിനാൽ മൂന്നാം തവണ ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. കോട്ടാത്തോടു നവീകരണത്തിൻ്റെ ഭാഗമായി 20 ലക്ഷം രൂപയുടെ പ്രവര്‍ത്തി പൂർത്തീകരണ ഘട്ടത്തിലാണ്. 50 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. വിവിധ തോടുകളുടെ സംരക്ഷണ ഭിത്തിയും കലുങ്കും നിർമ്മാണം പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സർക്കാരിൽ സമർപ്പിച്ചിരിക്കുകയാണ്. കല്ലുവളയം പള്ളിക്ക് സമീപം അച്ചൻകോവിലാറിന്റെ തീരത്ത് സംരക്ഷണഭിത്തി കെട്ടലും വെട്ടിയാർ ചീപ്പ് നിർമ്മാണവും വെട്ടിയാർ തോടിന് സംരക്ഷണ ഭിത്തി നിർമ്മാണവും ടെൻഡർ നടപടികളുടെ ഘട്ടത്തിലാണ്. പദ്ധതികൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പ് ചീഫ് എൻജിനീയറെയും ഐഡിആർബി ഡയറക്ടറെയും മന്ത്രി ചുമതലപ്പെടുത്തി. യോഗത്തിൽ എസ് അനിരുദ്ധൻ, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ പി ശ്രീദേവി, ഐഡിആർബി ഡയറക്ടർ കെ ബാലശങ്കർ, സൂപ്രണ്ടിങ് എൻജിനീയർ എസ് ബിന്ദു, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബീന തങ്കം, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ ഐ സീന, എഎക്സ്ഇമാരായ പി കെ മഞ്ജു, സി ജ്യോതി, പി ഗായത്രി, എ ഇ കെ വി വിപിൻ എന്നിവർ പങ്കെടുത്തു.
(പിആർ/എഎൽപി/1444)
- Log in to post comments