Skip to main content

അറിയിപ്പുകള്‍

സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരണം
 

പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലാതലത്തില്‍ സിവില്‍ ഡിഫന്‍സ് കോറില്‍ പ്രവൃത്തിക്കാന്‍ സന്നദ്ധരായ വിമുക്തഭടന്മാര്‍ മെയ് 21നകം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2771881, ഇ മെയില്‍: kkdzswo@gmail.com      

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻറ്

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻറ്(പ്യൂൺ) തസ്‌തികയിലുള്ള 500 ഒഴുവുകളിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാർതഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ മുഖേന മെയ്‌ 23 ന് 23:59 മണിക്ക് മുൻമ്പായി സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ  www.bankofbaroda.in ലഭ്യമാണ്.

പ്രധാനമന്ത്രി ആവാസ് യോജന കാലാവധി നീട്ടി

അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) യില്‍ ചേര്‍ക്കുന്ന പദ്ധതിയുടെ കാലാവധി 2028-29 സാമ്പത്തിക വര്‍ഷം വരെ നീട്ടി.  പദ്ധതിയില്‍ അംഗങ്ങളാകുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് ഭവന പദ്ധതിയിലും മറ്റും 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കുന്നു. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത അസംഘടിത മേഖലയിലെ ചുമട്ടുതൊഴിലാളികള്‍ അക്ഷയ, പൊതുസേവന കേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ അംഗങ്ങളാകണം. ഫോണ്‍-  0495 2366380.

യു പി സ്‌കൂള്‍ ടീച്ചര്‍ 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ : 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍  പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖ പരീക്ഷ മെയ് 28 (ഒന്നാം ഘട്ടം), ജൂണ്‍  11,12,13,18,19, 20 (രണ്ടാം ഘട്ടം)  തീയതികളിൽ കേരള പി  എസ് സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളില്‍  നടക്കും.   
പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ ഹാജരാകണം. പരിഷ്‌കരിച്ച ബയോഡാറ്റ (Appendix28 A) പിഎസ്‌സി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495 237197.

ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍)  ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ ചെയ്യുന്നതിലൂടെ ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും.  ഫോണ്‍ : 7994449314.

ക്വട്ടേഷന്‍ ക്ഷണിച്ചു 

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കവറിന് മുകളില്‍ ദുരന്തനിവാരണം - 2025 എന്നും മാനദണ്ഡം ഒന്നാം ഖണ്ഡികയില്‍ പറയുന്ന ഏതെല്ലാം ഇനങ്ങളാണ് ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും രേഖപ്പെടുത്തണം. 
 
ക്വട്ടേഷനുകള്‍ മെയ് 24 ന് വൈകീട്ട് അഞ്ച്  വരെ അതത് വില്ലേജ് ഓഫീസുകളിലോ താലൂക്ക് ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കാം. മെയ് 27 ന് ഉച്ചക്ക് 12 ന് തഹസില്‍ദാര്‍ താലൂക്ക് ഓഫീസില്‍ ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495 2372966. 

അഭിമുഖം 28 ന്

കോഴിക്കോട് ജില്ലയിലെ മണിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളില്‍ ഹയര്‍ സെക്കൻഡറി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 28 ന്  അഭിമുഖത്തിന് എത്തണം.
വിഷയം, സമയം എന്ന ക്രമത്തിൽ - ഇംഗ്ലീഷ്, മലയാളം, ബോട്ടണി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് : രാവിലെ 10 മണി. പൊളിറ്റിക്സ്, ഹിസ്റ്ററി, ജേര്‍ണലിസം: ഉച്ചയ്ക്ക് 1.30 മണി.

തുല്യത അദ്ധ്യാപക യോഗം 24 ന്

 സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്ററി തുല്യത കോഴ്‌സിലെ അദ്ധ്യാപകരുടെ ജില്ലാതല യോഗം 24 ന് രാവിലെ 10.30 ന് ചേരും. ജില്ലാ സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. ഏ ജി ഒലീന പങ്കെടുക്കും.

വൃക്ഷ തൈകള്‍ വില്പനയ്ക്ക്

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴില്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റയിഞ്ചിന്റെ പരിധിയില്‍ നരിക്കുനി മടവൂര്‍ നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച തേക്ക്, രക്തചന്ദനം, വേങ്ങ വൃക്ഷ തൈകളുടെ വില്പന ജൂണ്‍ ഒന്ന് മുതല്‍  ആരംഭിക്കും. താല്‍പ്പര്യമുള്ളവര്‍ കോഴിക്കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മാത്തോട്ടം വനശ്രീ കോംപ്ലെക്‌സിലുള്ള സാമൂഹ്യ വനവല്‍ക്കരണ ഓഫീസില്‍ മെയ് 27 നകം  അപേക്ഷിക്കണം. തൈ ഒന്നിന് 33  രൂപയാണ് വില. ഫോണ്‍ -0495 2416900, 8547603819, 8547603816.

ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം

അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ ഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം കുറ്റമറ്റതാക്കി ഏകീകൃത ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്ന നടപടി അന്തിമഘട്ടത്തിലാണ്. എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും രജിസ്ട്രേഷന്‍ ഡാറ്റ പരിശോധിച്ച് വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ്ലോഡ് ചെയ്യുകയും വേണം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍  വഴിയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ക്ഷേമനിധി പദ്ധതി നിഷ്‌കര്‍ഷിക്കുന്ന എല്ലാ രേഖകളും സഹിതമാകണം അപ്ഡേഷന്‍ നടത്തേണ്ടതെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ജൂലൈ 31 വരെയാണ് അപ്ഡേഷന് അവസരം. 
കോഴിക്കോട് ജില്ലാ ക്ഷേമനിധി ഓഫീസ് മെയ് 28 ന് കോഴിക്കോട് ജില്ലയിലുള്ള പത്ത്   അക്ഷയ കേന്ദ്രങ്ങള്‍ വഴി അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പുഷ്പ ജംഗ്ഷന്‍, വെസ്റ്റ് ഹില്‍, നടക്കാവ്, സിവില്‍ സ്റ്റേഷന്‍, ഫറോക്ക് ടൗണ്‍, രാമനാട്ടുകര ടൗണ്‍, കരിമ്പനപ്പാലം (എടോടി), നട്ട് സ്ട്രീറ്റ് (ഓപ്പോ. ടൗണ്‍ ഹാള്‍), വടകര പുതിയ ബസ് സ്റ്റാന്റ്, ജെ ടി റോഡ് (നിയര്‍ മുന്‍സിപ്പല്‍ ഓഫീസ്), താമരശ്ശേരി ടൗണ്‍, ന്യൂ ബസ് സ്റ്റാന്റ് കൊയിലാണ്ടി (ബപ്പങ്ങാട് റോഡ്) എന്നിവയാണ് കേന്ദ്രങ്ങള്‍.

വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു 

പൂവാട്ടുപറമ്പ് - കോട്ടായിതാഴം റോഡില്‍ ടാറിംങ്ങ് പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് (മെയ് 21)  മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ റോഡിലുടെയുളള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. പെരുമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരുവയല്‍ - കയലം വഴിയും തിരച്ചും പോകണം.

date