Skip to main content

തദ്ദേശ വാർഡുവിഭജനം: ബ്ലോക്ക് പഞ്ചായത്ത് കരട് വിജ്ഞാപനം 27 ന്

സംസ്ഥാനത്തെ 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം മെയ് 27 ന് പുറപ്പെടുവിക്കാൻ ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം തീരുമാനിച്ചു. 
152 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ നിലവിൽ 2080 വാർഡുകളാണുള്ളത്. പുനർവിഭജനത്തിന് ശേഷം അവ  2267 വാർഡുകളാകും. ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണവും 2011 ലെ സെൻസസ് ജനസംഖ്യയുടെയും അടിസ്ഥാനത്തിലാണ് ബ്ലോക്ക്‌ പഞ്ചായത്ത് വാർഡുകൾ പുനർവിഭജനം നടത്തുന്നത്.
ബ്ലോക്ക്‌ പഞ്ചായത്തുകളിലെ അംഗസംഖ്യ പുനർനിശ്ചയിച്ചു കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് റൂറൽ ഡയറക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് 14ഉം കൂടിയത് 24ഉം വാർഡുകളുമുണ്ടാകും. ബ്ലോക്ക്‌
പഞ്ചായത്ത് സെക്രട്ടറിമാർ മുഖേന കരട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ ജില്ലാ കലക്ടർമാർക്ക് ഡീലിമിറ്റേഷൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ജൂൺ അഞ്ച് വരെ സ്വീകരിക്കും. പരാതികൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ നേരിട്ടോ, രജിസ്റ്റേർഡ് തപാലിലോ നൽകാം.
ഗ്രാമപഞ്ചായത്തുകളുടെ വാർഡ് വിഭജന അന്തിമവിജ്ഞാപനം അച്ചടി വകുപ്പിന്റെ e-gazette വെബ് സൈറ്റിൽ (www.compose.kerala.gov.in) ലഭിക്കും.
ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ  ഡോ.രത്തൻ.യു. ഖേൽക്കർ, കെ.ബിജു, എസ്. ഹരികിഷോർ, കെ.വാസുകി, ഡീലിമിറ്റേഷൻ എന്നിവർ പങ്കെടുത്തു.

date