*വെള്ളത്തിന്റെ ഗുണ നിലവാരം അറിയാം; ജല അതോറിറ്റിയുടെ സൗജന്യ കുടിവെള്ള പരിശോധന സ്റ്റാൾ ശ്രദ്ധേയമാവുന്നു*
എന്റെ കേരളം പ്രദർശന വിപണന മേളയിൽ വാട്ടർ അതോറിറ്റിയുടെ സ്റ്റാൾ വേറിട്ട് നിൽക്കുന്നു. സാധാരണ ഗതിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനവും മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡാമിൽ നിന്ന് വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള ടാപ്പിൽ എത്തുന്നത് വരെയുള്ള പ്രവർത്തനത്തിൻ്റെ മാതൃക സന്ദർശകർക്ക് കാണാനാകും. സ്റ്റാൾ സന്ദർശിക്കുന്നവർ ഒരു കുപ്പിയിലോ മറ്റോ വെള്ളം കൊണ്ടുവന്നാൽ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനവും ഇവിടെയുണ്ട്. കെമിക്കൽ ടെസ്റ്റ്, ബാക്റ്റീരിയ ടെസ്റ്റ് തുടങ്ങി 11 തരം ടെസ്റ്റുകൾ സൗജന്യമായി സ്റ്റാളിലെ മിനി ലാബിൽ ഒരുക്കിയിരിക്കുന്നു. ടെസ്റ്റ് ഫലം ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് രണ്ട് ദിവസത്തിനുള്ളിൽ വാട്സ്ആപ്പ് സന്ദേശമായി ലഭിക്കും.
കിണറുകളിലെ ആലം ഉപയോഗത്തിനെതിരെയുള്ള അവബോധവും
വീടുകളിലെ കിണർ വെള്ള ശുദ്ധീകരണത്തിനുള്ള മാർഗനിർദ്ദേശങ്ങളും സന്ദർശകർക്ക് അറിയാനുള്ള അവസരവും ഇവിടെയുണ്ട്. സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന സേവ് വാട്ടർ എന്ന സന്ദേശത്തോടുകൂടിയ പസിൽ ഗെയിം വഴി കുട്ടികളിൽ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. കൂടാതെ സന്ദർശകർക്ക് നല്ലൊരു സെൽഫി പോയിന്റ് കൂടെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജല അതോറിറ്റി റിട്ടയേർഡ് ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറായ ടി. കെ അജിത് കുമാറാണ് പത്തു ദിവസം കൊണ്ട് ജലശുദ്ധീകരണ പ്ലാന്റ് മാതൃക നിർമിച്ചത്.
- Log in to post comments