ജനങ്ങളോടൊപ്പം സബ് കളക്ടര്‍: നൂതന പദ്ധതിയുമായി ജില്ലാ ഭരണകൂടം
ഭരണനിര്‍വഹണം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനും സുതാര്യവും കാര്യക്ഷമവുമായ സേവന വിതരണം ഉറപ്പാക്കുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നൂതന പദ്ധതിയുമായി ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്. ജനങ്ങളോടൊപ്പം എന്ന പേരില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതിയില്‍ പ്രാദേശിക സമൂഹവുമായി നേരിട്ട് ഇടപഴകുകയും പൊതു സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്.
എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളില്‍ സബ് കളക്ടര്‍ തന്റെ അധികാര പരിധിയിലുള്ള താലൂക്കിനു കീഴിലുള്ള ഒരു വില്ലേജ് ഓഫീസ് സന്ദര്‍ശിക്കുകയും അവിടെ അന്നേദിവസം പ്രവര്‍ത്തിക്കുകയും ചെയ്യും. പരാതികള്‍ പരിഹരിക്കുകയും പ്രാദേശിക ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യും. ഇടുക്കി, പീരുമേട്, തൊടുപുഴ താലൂക്കുകളാണ് സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ അധികാര പരിധിയിലുള്ളത്. ഈ താലൂക്കുകള്‍ക്ക് കീഴിലുള്ള എല്ലാ വില്ലേജ് ഓഫീസുകളിലും സബ് കളക്ടറെത്തും. പീരുമേട് താലൂക്കിലെ കൊക്കയാര്‍ വില്ലേജ് ഓഫീസില്‍ ജൂണ്‍ 12 നാണ് ജനങ്ങളോടൊപ്പം പരിപാടിയുടെ തുടക്കം.
ആ ദിവസം സബ് കളക്ടര്‍ തന്റെ ഔദ്യോഗിക ജോലി അതത് വില്ലേജ് ഓഫീസില്‍ നിര്‍വഹിക്കുകയും അവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും. പൊതുജനങ്ങള്‍ക്ക് സബ് കളക്ടറുമായി നേരിട്ട് സംവദിക്കാന്‍ അവസരം ലഭിക്കും. തങ്ങളുടെ ആശങ്കകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയും. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമുള്ള പ്രാദേശിക പ്രശ്നങ്ങള്‍ ഉടന്‍ വിലയിരുത്തി പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.
ഭരണ നിര്‍വഹണത്തില്‍ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സബ് കളക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള മികച്ച ഇടപെടലിലൂടെ പ്രാദേശികമായ വെല്ലുവിളികള്‍ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments