വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചു: ജില്ലാ കലക്ടര്‍
വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശനുസരണം നടപടികള്‍ സ്വീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. വോട്ടര്‍പട്ടിക ശുദ്ധീകരണം, പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
1950-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂര്‍വം മറച്ചുവച്ച് മറ്റൊരു സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബൂത്ത് ലെവല്‍ എജന്റ് തലത്തില്‍ ഈ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൂടി ശ്രദ്ധിക്കണമെന്ന് അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക സൂക്ഷ്മ പരിശോധന നടത്തി ഒന്നിലധികം തവണ ബോധപൂര്‍വം പേര് ചേര്‍ത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഏജന്റ് പട്ടിക ലഭ്യമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
1100 ലധികം വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകള്‍ പുനക്രമീകരിക്കുന്നതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാരംഭ പരിശോധനയില്‍ 1030 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ 517 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടര്‍മാരെ സമീപമുള്ള പോളിംഗ് സ്റ്റേഷനുകളിലേക്ക് മാറ്റി വോട്ടര്‍മാരുടെ എണ്ണം ക്രമപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. ബാക്കി 513 പോളിംഗ് സ്റ്റേഷനുകള്‍ പുതുതായി ഏര്‍പ്പെടുത്തണം. ഇതില്‍ 432 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ തന്നെ നിര്‍മിക്കേണ്ടതും 81 പോളിംഗ് സ്റ്റേഷനകള്‍ക്ക് ഉചിതമായ സ്ഥലം കണ്ടെത്തണമെന്നും യോഗത്തില്‍ വ്യക്തമാക്കി. പോളിംഗ് സ്റ്റേഷനുകള്‍ പുനക്രമീകരിക്കുന്നതിനുളള വിശദമായ പദ്ധതി തയ്യാറാക്കുന്നതിനും ഇ.ആര്‍.ഒ മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചന്ദ്രഭാനു (ആര്‍.എസ്.പി), ജോമോന്‍ കീര്‍ത്തനം, അഡ്വ. എസ്.വോണുഗോപാല്‍ (ബി.ജെ.പി), ഇക്ബാല്‍കുട്ടി (കെ.സി-എം), ഡി.ഗീതാകൃഷ്ണന്‍ (ഐ.എന്‍.സി), ലിയ എയ്ഞ്ചല്‍ (ആം ആദ്മി), ഈച്ചംവീട്ടീല്‍ നയാസ് മുഹമ്മദ് (കെ.സി-ജെ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments