ഛായാചിത്ര കോർണർ ശ്രദ്ധേയമായി
കനകകുന്ന് കൊട്ടാരത്തിലെ ഛായാചിത്ര കോർണർ ശ്രദ്ധേയമായി. എന്റെ കേരളം പ്രദർശന മേളയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് ഛായാചിത്ര കോർണർ ഒരുക്കിയത്. വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളിൽ വിവിധ അവസരങ്ങളിൽ ഉപയോഗിച്ച പ്രശസ്ത വ്യക്തികളുടെ കാരിക്കേച്ചറുകൾ, ഛായാചിത്രങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിൽ ഡിസൈനറായ വി എസ് പ്രകാശ് ആണ് ആകർഷകമായ ഛായാചിത്രങ്ങൾ വരച്ചത്. വിവിധ കാലഘട്ടങ്ങളിലെ എഴുത്തുകാർ, സാംസ്കാരിക നായകർ, കവികൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പോർട്രയിറ്റ് ചിത്രങ്ങൾ, ചരിത്ര സംഭവങ്ങൾ, കേരളത്തിന്റെ മുന്നേറ്റങ്ങൾ, വികസനപദ്ധതികൾ തുടങ്ങിയവ വി എസ് പ്രകാശിന്റെ ചിത്രരചനകളിൽ വിരിഞ്ഞിട്ടുണ്ട്. പെൻസിൽ സ്കെച്ച്, കളർ പെൻ, വാട്ടർ കളർ തുടങ്ങിയവ ഉപയോഗിച്ചാണ് ചിത്രങ്ങൾ തയാറാക്കിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി 18 വർഷമായി തയാറാക്കുന്ന ചിത്രങ്ങളിലെ ചെറിയൊരു ശേഖരമാണ് പ്രദർശനത്തിലുള്ളത്.
മഹാത്മാ ഗാന്ധി, ഡോ. ബി ആർ അംബേദ്കർ, എ പി ജെ അബ്ദുൾ കലാം, ഇ എം എസ് നമ്പൂതിരിപ്പാട്, വള്ളത്തോൾ നാരായണ മേനോൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള, വയലാർ രാമവർമ്മ, വൈക്കം മുഹമ്മദ് ബഷീർ, ഒ എൻ വി കുറുപ്പ്, പി ഭാസ്കരൻ, മാധവിക്കുട്ടി, സുഗതകുമാരി, കേസരി ബാലകൃഷ്ണപിള്ള, എം ലീലാവതി, കോവിലൻ, കെ കരുണാകരൻ, ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയൻ, സിസ്റ്റർ ലിനി തുടങ്ങി മുപ്പത്തിരണ്ടോളം ഛായാചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.
പി.എൻ.എക്സ് 2235/2025
- Log in to post comments