Skip to main content

പൊന്നുരുക്കിപ്പാറ-കാരകുണ്ട്-മഠംതട്ട് റോഡ് ഉദ്ഘാടനം 26ന് 

കല്ല്യാശ്ശേരി, തളിപറമ്പ് മണ്ഡലങ്ങളിലെ കടന്നപ്പള്ളി-പാണപ്പുഴ, ചപ്പാരപ്പടവ്, പരിയാരം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പൊന്നുരുക്കിപ്പാറ-കാരകുണ്ട്-മഠംതട്ട് റോഡിന്റെ ഉദ്ഘാടനം മെയ് 26ന് ഉച്ചക്ക് മൂന്ന് മണിക്ക് കാരകുണ്ടില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് എം വിജിന്‍ എം എല്‍ എ അറിയിച്ചു. പൊന്നുരുക്കിപ്പാറയില്‍ ആരംഭിച്ച് മഠംതട്ടില്‍ അവസാനിക്കുന്ന 12.118 കി.മീ നീളം വരുന്ന റോഡ് ആധുനിക നിലവാരത്തില്‍ മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിക്കുന്നതിന് സി.ആര്‍.എഫ് പദ്ധതിയില്‍പ്പെടുത്തി 19.90 കോടി രൂപയാണ് അനുവദിച്ചത്. നിലവിലുണ്ടായിരുന്ന റോഡ് വീതി ആറ് മുതല്‍ എട്ട് വരെ മീറ്ററും ടാറിങ് 3.80 മീറ്ററും ആയിരുന്നു. നിരന്തരമായ ശ്രമഫലമായി ഇരുവശത്തുനിന്നും സ്ഥലം സൗജന്യമായി ലഭ്യമാക്കി 10 മീറ്റര്‍ വീതിയാക്കി, 5.50 മീറ്റര്‍ മെക്കാഡം ടാറിങ് നടത്തിയാണ് ഈ റോഡ് നവീകരിച്ചത്. നവീകരണത്തിന്റെ ഭാഗമായി ആവശ്യമായ ഭാഗങ്ങളില്‍ കയറ്റം കുറക്കല്‍ പ്രവൃത്തി, പഴയ കള്‍വര്‍ട്ടുകളുടെ വിപുലീകരണം, പുതിയ കള്‍വര്‍ട്ടുകള്‍ നിര്‍മ്മിക്കല്‍, റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കോണ്‍ക്രീറ്റ് ഡ്രെയിനേജ്, പാര്‍ശ്വഭിത്തി നിര്‍മ്മിക്കല്‍ തുടങ്ങിയ പ്രവൃത്തികളും പരിഷ്‌ക്കരണ പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. റോഡ് കടന്നുപോകുന്ന ടൗണ്‍ ഭാഗങ്ങളില്‍ റോഡിന്റെ അരികുകള്‍ തകരുന്നത് ഒഴിവാക്കുന്നതിനും, റോഡിന്റെ ഇരുവശത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഭംഗിയായി നിലനിര്‍ത്താന്‍ കോണ്‍ക്രിറ്റ് ഷോള്‍ഡറിങ് പ്രവൃത്തിയും നടപ്പിലാക്കിയിട്ടുണ്ട്. അതോടൊപ്പം നിരവധി ഇലക്ട്രിക്ക് പോസ്റ്റുകളും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ റോഡ് സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. തെര്‍മോപ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് വരകള്‍, രാത്രിയില്‍ തെളിഞ്ഞുകാണുന്ന തരത്തിലുള്ള റോഡ് സ്റ്റഡുകളും, റിഫ്ളക്റ്റിവ് ടൈലുകളും  സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ദിശ ബോര്‍ഡുകള്‍, ഓരോ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേര് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോര്‍ഡുകള്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

date