Skip to main content

*കോതമംഗലം താലൂക്ക് ആശുപത്രി മാറ്റത്തിന്റെ പാതയിലെന്ന് മന്ത്രി വീണാ ജോർജ്ജ്

നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും ലേബർ റൂമിന്റെയും ലാബിന്റെയും പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു

 

കോതമംഗലം താലൂക്ക് ആശുപത്രി ആധുനിക സൗകര്യങ്ങളിലേക്കുള്ള മാറ്റത്തിന്റെ പാതയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ആശുപത്രിയിലെ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും ലേബർ റൂമിന്റെയും, ലാബിന്റെയും ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കോതമംഗലം നഗരസഭയിലെയും പത്ത് പഞ്ചായത്തുകളിലെയും തീർത്തും സാധാരണക്കാരായ ജനങ്ങളും ആദിവാസി ഗോത്ര സമൂഹവും ഉൾപ്പെടെ പ്രധാനമായും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് താലൂക്ക് ആശുപത്രി. അതുകൊണ്ടുതന്നെ ആശുപത്രിയുടെ വികസനത്തിനായി ആർദ്രം മിഷനിലൂടെ വിവിധ പദ്ധതികളാണ് യാഥാർത്ഥ്യമാക്കി വരുന്നത്.

 

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിൽ നിന്നും കിഫ്ബി പദ്ധതിയിലൂടെ അനുവദിച്ച 11.15 കോടി രൂപ ഉപയോഗപ്പെടുത്തി ആശുപത്രിയിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഈ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടമായാണ് ഓപ്പറേഷൻ തിയേറ്ററും ലേബർ റൂമും നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

 

കോതമംഗലം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പെയ്മെന്റ് ഗേറ്റ് വേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന ആശുപത്രി വെബ്സൈറ്റ് രോഗികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. ഓരോ ദിവസവും ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെ വിവരങ്ങൾ, ലാബ് സേവനങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വെബ്സൈറ്റിൽ ഒരുക്കിയിരിക്കുന്നത്.

 

ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോതമംഗലം നഗരസഭാ ചെയർമാൻ ടോമി അബ്രഹാം വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ വിനോദ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, നഗരസഭാ പ്രതിപക്ഷ നേതാവ് എ.ജി ജോർജ്, ആശുപത്രി സൂപ്രണ്ട് ഡോ.സാം പോൾ, നഗരസഭാ സെക്രട്ടറി സി. ശ്രീചിത്ത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എ ജോയി, ഷെമീർ പനയ്ക്കൽ, പി.റ്റി ബെന്നി, എൻ.സി ചെറിയാൻ, പി.എം മൈതീൻ, എ.റ്റി പൗലോസ്, ഷാജി പീച്ചക്കര, സാജൻ അമ്പാട്ട്, ബേബി പൗലോസ്, അഡ്വ.മാത്യു ജോസഫ്, ആന്റണി പുല്ലൻ, തോമസ് തോമ്പ്രയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date