Skip to main content
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ബ്യൂറോ ചീഫ് മാരുടെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി സംസാരിക്കുന്നു

ജില്ലാ പഞ്ചായത്തിന്റെ ടൂ മില്യണ്‍ പ്ലഡ്ജ് ലഹരിക്കെതിരെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കും-ജില്ല പഞ്ചായത്ത് പ്രസിഡന്റ് 

 

ജില്ലാ പഞ്ചായത്ത് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മെഗാ ക്യാമ്പയിന്‍ ടൂ മില്യണ്‍ പ്ലഡ്ജിന്റെ ഭാഗമായി ഏറ്റവും താഴെത്തട്ടിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. ക്യാമ്പയിന്റെ സന്ദേശം ഓരോ വ്യക്തിയിലേക്കും എത്തിക്കാന്‍ ആവശ്യമായ വിപുലമായ കര്‍മ്മ പദ്ധതിയ്ക്കാണ് ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മാധ്യമ സ്ഥാപനങ്ങളിലെ ബ്യൂറോ ചീഫുമാരുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ജൂണ്‍ 26-ന് നടക്കുന്ന ടൂ മില്യണ്‍ പ്ലഡ്ജ് പരിപാടിയില്‍ ജില്ലയിലെ 20 ലക്ഷം പേര്‍ പങ്കാളികളാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി ബഹുമുഖ മേഖലകളിലുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും പ്രസ്ഥാനങ്ങളും പദ്ധതിയുടെഭാഗമാകും. അയല്‍ക്കൂട്ടങ്ങള്‍, വാര്‍ഡ്തല ജാഗ്രത സമിതികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയിലൂടെ ഓരോ വ്യക്തിയിലേക്കും എത്തി ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിന്‍ വിജയമാക്കാനാവശ്യമായ ആശയങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പങ്കുവെച്ചു.   

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് പദ്ധതി അവതരിപ്പിച്ചു. എ.ഡി.എം സി മുഹമ്മദ് റഫീക്, പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി ജി അജീഷ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഞ്ചു മോഹന്‍, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ടി അബ്ദുനാസര്‍, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത്, വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date