സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2025ന് തിരിതെളിഞ്ഞു
#200 ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു#
എസ്.സി.ഇ.ആര്‍.ടി യുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2025ന് തുടക്കമായി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി എന്‍.സി.ഇ.ആര്‍.ടി സംഘടിപ്പിക്കുന്ന യോഗ ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിനായാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.
ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തില്‍ കേരളത്തെ ചാമ്പ്യന്‍മാരാക്കുക എന്നതായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്ന് എം.എല്‍.എ പറഞ്ഞു.
സ്‌കൂള്‍ തലവും ബ്ലോക്ക് തലവും കഴിഞ്ഞ് ജില്ലാതല മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളാണ് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 200ലധികം വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
നാളെ (മെയ് 31) വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എ. എ റഹീം എം.പി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിക്കും. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്.പി മുഖ്യതിഥിയാകും.
ഉദ്ഘാദന സമ്മേളനത്തില്‍ എസ്.സി.ഇ.ആര്‍.ടി കേരളം ഡയറക്ടര്‍ ജയപ്രകാശ് ആര്‍.കെ, കായിക യുവജനകാര്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എസ് പ്രദീപ്, ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ സുരേന്ദ്രന്‍, ഹെഡ്മിസ്ട്രസ് ഒ.വി രാഹുലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments