ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍
കാലവര്‍ഷവുമായി ബന്ധപ്പെട്ട് ശക്തമായകാറ്റിന് സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.
കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്; വാഹനങ്ങളും പാര്ക്ക്ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അിറയിക്കണം. ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ശരിയായരീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ വേണം.
കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവയ്ക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. അപകടം ശ്രദ്ധയില്‍ പെട്ടാല്‍ കെഎസ്ഇബിയുടെ 1912 കണ്ട്രോള് റൂമിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമിലോ (1077) വിവരം അറിയിക്കാം. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കണം. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കണം.
പത്രം-പാല് വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേകജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.
കൃഷിയിടങ്ങളിലൂടെ കടന്ന്പോകുന്ന വൈദ്യുതലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന്മുന്പ് ഉറപ്പ്വരുത്തണം. നിര്‍മാണജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറിനില്‍ക്കണം.
- Log in to post comments