'ആരോഗ്യം ആനന്ദം' രണ്ടാംഘട്ട ക്യാംപയിന് നാളെ തുടക്കം
ആരോഗ്യവകുപ്പിന്റെ പുകയില ഉപയോഗത്തിനെതിരെയുള്ള കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാംപയിന്‍ 'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം' പരിപാടിയുടെരണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം നാളെ (മെയ് 31) പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .ആര്‍. രേണുക അധ്യക്ഷയാകും. തദ്ദേശസ്ഥാപന തലങ്ങളിലും വിവിധ പരിപാടികള്‍ നടക്കും. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ക്യാംപയിനുകള്‍ക്കൊപ്പം പുകയിലക്കെതിരായ ബോധവല്‍ക്കരണ നടപടികളും ഊര്‍ജ്ജിതമാക്കുകയാണ് രണ്ടാംഘട്ട ക്യാന്‍സര്‍ പ്രതിരോധ ക്യാംപയിനിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
സ്ത്രീകളിലെ അര്‍ബുദം കേന്ദ്രീകരിച്ച് നടത്തിയ ഒന്നാംഘട്ട ക്യാംപയിനിലൂടെ ജില്ലയില്‍ 13 ബ്രെസ്റ്റ് കാന്‍സര്‍, രണ്ട് സര്‍വിക്കല്‍ ക്യാന്‍സര്‍, മൂന്ന് ഓവറി ക്യാന്‍സര്‍ ഉള്‍പ്പെടെ 18 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31ന് ആരംഭിച്ച് ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് അവസാനിക്കുന്ന രണ്ടാംഘട്ട ക്യാംപയിന്‍ ലഹരി ഉപയോഗത്തിലൂടെയുണ്ടാകുന്ന വദനാര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് നടക്കുക. പുകയിലയ്‌ക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ നൂറു വാര ചുറ്റളവിലുള്ള കടകളില്‍ പുകയില വില്‍പ്പന നിരോധിക്കുകയും മറ്റ് എല്ലാ കടകളിലും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില വില്പന ചെയ്യില്ല എന്ന ബോര്‍ഡ് സ്ഥാപിക്കുകയും വേണം. ഇത് ലംഘിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാതല ഏകോപന യോഗത്തില്‍ ജില്ല കളക്ടര്‍ വി.ആര്‍. വിനോദ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക, എന്‍ എച്ച് എം പ്രോഗ്രാം ഓഫീസര്‍ ഡോ.ടി.എന്‍ അനൂപ്, മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ രാജ്, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധി കെ.അന്‍വര്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി ടി.കെ സല്‍മാനുല്‍ ഫാരിസ്, ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments