Skip to main content

ചേങ്കോട്ടുകോണം എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം തുറന്നു

#13 പ്രവര്‍ത്തന ഇടങ്ങള്‍ സ്കൂളിൽ സജ്ജമാക്കി#

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ചേങ്കോട്ടുകോണം സര്‍ക്കാര്‍ എല്‍. പി സ്‌കൂളിലെ എസ്എസ്‌കെ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മിച്ച മാതൃകാ പ്രീ -പ്രൈമറി വിഭാഗം വര്‍ണക്കൂടാരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെ ഉദ്ഘാടനവും കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ  നിര്‍വഹിച്ചു.

മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി വികസനം സാധ്യമാക്കിയിട്ടുണ്ടെന്ന് എംഎല്‍എ വ്യക്തമാക്കി. സാധാരണക്കാരന്റെ മക്കള്‍ക്ക് മികച്ച സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്എസ്‌കെ വര്‍ണക്കൂടാരം നടപ്പിലാക്കി വരുന്നത്. 10 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളര്‍ത്താന്‍ ഭാഷാവികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാവുന്ന ഗണിതയിടം തുടങ്ങി കുട്ടികളുടെ സര്‍വതോന്മുഖ വികാസത്തിന് സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങള്‍ (ആക്ടിവിറ്റി ഏരിയകള്‍ ) ആണ് സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ളത്.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ആര്‍.നളിനി ജയശ്രീ, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ബി. നജീബ്, കണിയാപുരം ബി.പി.സി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവർ പങ്കെടുത്തു.

date