Skip to main content

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 10 ന് രാവിലെ 10 മണി മുതൽ 11 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കുളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂൺ 11 ന് വൈകിട്ട് 5 മണിക്ക് മുൻപായി സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർക്ക് Candidate Login - MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Second Allot Results ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂൺ 10 ന് രാവിലെ 10 മണി മുതൽ 11 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

രണ്ടാം അലോട്ട്‌മെന്റിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.

ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മുന്നാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന്

പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലെ അപേക്ഷകൾ പുതുക്കി സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

        പി.എൻ.എക്സ് 2558/2025

date