'സുവിധാ സംഗമം' 27-ന്
പ്രൊവിഡന്റ് ഫണ്ട് (പി.എഫ്), ഇ.എസ്.ഐ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായുള്ള ജില്ലാതല പരാതി പരിഹാര മേളയായ 'നിധി ആപ്കെ നികട് - സുവിധാ സംഗമം' ജൂണ്‍ 27-ന് നടക്കും. രാവിലെ 9:30 മുതൽ കൊടുന്തിരപ്പുള്ളി കല്ലേക്കാടുള്ള രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലെ കോൺഫറൻസ് ഹാളിലാണ് മേള.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ഇ.എസ്.ഐ.സി) സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടി, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും തങ്ങളുടെ പ്രശ്നങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിൽ നേരിട്ട് അവതരിപ്പിക്കാൻ അവസരമൊരുക്കും. പി.എഫ് അക്കൗണ്ടിലെ പ്രശ്നങ്ങൾ, പെൻഷൻ സംബന്ധമായ തടസ്സങ്ങൾ, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, തൊഴിലുടമകളുടെ വിഹിതം അടയ്ക്കുന്നതിലെ സംശയങ്ങൾ തുടങ്ങി ഇരുവിഭാഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മേളയിൽ പരിഹാരം തേടാം. ബന്ധപ്പെട്ടവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments