മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ, കായിക അവാർഡുകൾ വിതരണം ചെയ്തു. മട്ടാഞ്ചേരി നെഹ്റു ടൗൺഹാളിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.
എസ്എസ്എൽസി, പ്ലസ് ടു, വൊക്കോഷണൽ ഹയർ സെക്കൻ്ററി, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡാണ് അവാർഡുകൾ നൽകിയത്. കായിക മേഖലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചവർക്കായി പ്രോത്സാഹന പുരസ്കാരവും നൽകി.
വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികളെ അഭ്യസ്ത വിദ്യരാക്കുന്നതിനായി ബോർഡ് നടപ്പാക്കുന്ന വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 139 പേരും ഒൻപത് എ പ്ലസ് നേടിയ 41 പേരും എട്ട് എ പ്ലസ് നേടിയ 29 പേരും പ്ലസ് ടു വിഭാഗത്തിൽ 25 പേരും ഫിഷറീസ് ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ രണ്ട് പേരും കായിക വിനോദ മേഖലയിൽ 18 പേരുമാണ് അവാർഡിന് അർഹരായത്.
കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.എ ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമനിധി ബോർഡിൻ്റെ വിവിധ ധനസഹായങ്ങൾ വിതരണം ചെയ്തു. മത്സ്യ ബോർഡ് കമ്മീഷണർ എച്ച് സലിം, ജോയിൻറ് കമ്മീഷണർ രേണുക ദേവി, ബോർഡ് അംഗങ്ങളായ കെ.കെ രമേശൻ, സോളമൻ വെട്ടുകാട്, സക്കീർ അലങ്കാരത്ത്, മത്സ്യഫെഡ് അംഗം ദാളോ, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം ആൻ്റണി ഷീലൻ, കൗൺസിലർ ഷീബ ലാൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ്, ക്ഷേമനിധി ബോർഡ് റീജണൽ എക്സിക്യൂട്ടീവ് എസ്. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments