അറിയിപ്പുകള്‍
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍/പ്രോജക്ടുകളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് നടക്കും. യോഗ്യത: ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ തെറാപ്പി കോഴ്‌സ് (ഡി.എ.എം.ഇ), ചെറുതുരുത്തിയിലെ നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മയില്‍ നിന്നുള്ള പഞ്ചകര്‍മ തെറാപ്പി കോഴ്‌സ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് മെഡിക്കല്‍ ഓഫീസില്‍ (ഐഎസ്എം) എത്തണം. ഫോണ്‍: 0495 2371486.
മംഗല്യ പദ്ധതി: അപേക്ഷ ക്ഷണിച്ചു
ബിപിഎല്‍ വിഭാഗത്തിലെ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/വിവാഹബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2370750.
വിദ്യാതീരം പദ്ധതി: അപേക്ഷ ക്ഷണിച്ചു
രക്ഷിതാക്കള്‍ മരണപ്പെട്ടതോ രണ്ടുപേരും രോഗബാധിതരായി കിടപ്പിലായതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വിദ്യാതീരം പദ്ധതിയുടെ ഭാഗമായ ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂണ്‍ 25. അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലും ജില്ലാ ഫിഷറീസ് ഓഫീസിലും ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04952383780.
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
2024ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് കേരള ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഈ കാലയളവില്‍ പുറത്തിറക്കിയ ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
പരിപാടികള്‍ ഹാര്‍ഡ്ഡിസ്‌ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കണം. ഫോറവും നിബന്ധനകളും അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്‌കൂളിന് സമീപം സ്റ്റാച്യു റോഡിലുള്ള അര്‍ച്ചന ബില്‍ഡിങ്ങിലെ അക്കാദമിയുടെ സിറ്റി ഓഫീസില്‍നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0471 2754422.
അസി. പ്രൊഫസര്‍ നിയമനം
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജിക്ക് കീഴിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ അസി. പ്രൊഫസര്‍ (ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫര്‍ണിഷിങ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എം.ആര്‍ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 25ന് വൈകീട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഫോണ്‍: 8281574390, 0497 2965390.
മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും
മനുഷ്യ, വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി വനം-വന്യജീവി വകുപ്പ് ആവിഷ്‌കരിച്ച ഫുഡ്, ഫോഡര്‍, വാട്ടര്‍ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി പുനഃസ്ഥാപനം, വന്യമൃഗങ്ങള്‍ക്ക് വനത്തിനകത്ത് തന്നെ ഭക്ഷണവും വെള്ളവും ഒരുക്കല്‍, മെച്ചപ്പെട്ട പാരിസ്ഥിതിക സേവനങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള 'വിത്തൂട്ട്' വിത്തുണ്ടകളുടെ പ്രചാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 15ന് വൈകീട്ട് മൂന്നിന് കോഴിക്കോട് വനം ഡിവിഷനു കീഴിലെ കാക്കവയല്‍ വനപര്‍വം ഇക്കോ ടൂറിസം സെന്ററില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, പൗരപ്രമുഖര്‍, പരിസ്ഥിതി-കര്‍ഷക പുരസ്‌കാര ജേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Log in to post comments