Skip to main content
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന 19-ാമത് പുസ്തകോത്സവം സമാപന സമ്മേളനം  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം കൊടിയിറങ്ങി

വായനയുടെ വസന്തോത്സവം തീര്‍ത്ത് നാലു നാളായി കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്നുവന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകമേള കൊടിയിറങ്ങി. വായന ശോഷിക്കുകയല്ല, പുതിയ വായനാസമൂഹങ്ങള്‍ ഉയര്‍ന്നുവരികയാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായി പുസ്തകോത്സവ വേദികളിലെത്തിയ അഭൂതപൂര്‍വ ജനസഞ്ചയം. വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമായി പതിനായിരക്കണക്കിന് അക്ഷരസ്‌നേഹികളും ഗ്രന്ഥശാലാ പ്രവര്‍ത്തകരുമാണ് ഒഴുകിയെത്തിയത്.
  സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ വിജയന്‍ മേള അവലോകനം ചെയ്ത് സംസാരിച്ചു. കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍,  സി പി ഷൈജന്‍, ഇ പി ആര്‍ വേശാല, കെ എ ബഷീര്‍, എം ബാലന്‍, പി കെ രഞ്ജിത്ത് കമല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി വി കെ പ്രകാശിനി സ്വാഗതവും നിര്‍വാഹക സമിതി അംഗം പി ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു.
ഏഴാം ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി സംഗമം ഗ്രന്ഥാലോകം പത്രാധിപര്‍ പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. മുകുന്ദന്‍ മഠത്തില്‍, പി കെ വിജയന്‍, സംസ്ഥാന നിര്‍വാഹകസമിതി അംഗം എം കെ രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 ഡിസിയും ചിന്ത പബ്ലിഷേഴ്‌സും മാതൃഭൂമിയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ഉള്‍പ്പെടെയുള്ള  പ്രമുഖരും പുതുതലമുറക്കാരുമായി കേരളത്തിലെ വലുതും ചെറുതുമായ എഴുപതില്‍പരം പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുത്തു.
 കേരള വര്‍മ പഴശ്ശിരാജ (കെ ഭാസ്‌കരന്‍ ), ഇയല്‍ വാകൈ പൂത്ത പാതകള്‍ (രാധാകൃഷ്ണന്‍ പട്ടാന്നൂര്‍), മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് (കെ സുഗതന്‍),  മുഖത്തെഴുത്തും തെയ്യച്ചമയങ്ങളും (ഡോ. വൈ വി കണ്ണന്‍),  നിശ്ശബ്ദ പോരാളി (കെ നാരായണന്‍ നമ്പൂതിരി) തുടങ്ങി നിരവധി പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

വിസ്മയമായി
റീഡിങ്ങ് തിയേറ്റര്‍

പുസ്തകാസ്വാദനത്തിന് സര്‍ഗാത്മകമായ പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി ഒരു സംഘം കലാകാരന്മാര്‍ ഒരുക്കിയ റീഡിങ്ങ് തിയേറ്റര്‍ പുസ്തകോത്സവ വേദിയെ വിസ്മയിപ്പിച്ച പ്രകടനമായി. ബി എം സുഹറയുടെ 'ഞാന്‍ എപ്പോഴും സ്വപ്നം കാണുന്നു', 'ഒരുത്തി' എന്നീ കഥകളാണ് ഭാവതീവ്രതയോടെ അവതരിപ്പിച്ചത്. അഴീക്കോടന്‍ ചന്ദ്രന്‍, യു കെ ശിവകുമാരി, ശ്രീജ, ഹൃദ്യ രതീഷ്, പ്രവീണ്‍ രുഗ്മ എന്നിവര്‍ നേതൃത്വം നല്‍കി

date