മികവുത്സവം 2025ന് സമാപനം
#പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു#
നെടുമങ്ങാട് എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് 'മികവുത്സവം 2025 'ന്റെ രണ്ടാം ദിവസം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ വിജയം കൈവരിച്ച മറ്റ് വിദ്യാർത്ഥികൾക്കായി വാര്‍ഡ് തലത്തില്‍ അനുമോദന യോഗം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എം.ഡി ദിവ്യ എസ്. അയ്യര്‍, ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പി.ബി നൂഹ് എന്നിവര്‍ വിശിഷ്ടാതിഥികളായി. വിദ്യാർത്ഥികൾ പഠനത്തിൽ സ്വീകരിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പ്രചോദനാത്മകമായ ചിന്തകളും ഇരുവരും പങ്കുവെച്ചു.
500-ഓളം വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ 25 യു.പി സ്‌കൂളുകള്‍ക്ക് എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിനല്‍കുന്ന പുസ്തകങ്ങളുടെ വിതരണവും ചടങ്ങില്‍ നടന്നു. 4.60 ലക്ഷം രൂപ വില വരുന്ന പുസ്തകങ്ങളാണ് വാങ്ങിയത്. ഏകദേശം 18,680 രൂപയുടെ പുസ്തകങ്ങൾ ഓരോ സ്‌കൂളിനും ലഭിച്ചു. മികവുത്സവത്തിന്റെ ആദ്യ ദിനത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 800 ഓളം വിദ്യാര്‍ഥികളെ അനുമോദിച്ചിരുന്നു.
നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments