Skip to main content

വെറ്ററിനറി സർവ്വകലാശാല ആധുനിക ലബോറട്ടറി സമുച്ചയം മുഖ്യമന്ത്രി ജൂൺ 16-ന് ഉദ്ഘാടനം ചെയ്യും

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി വെറ്ററിനറി കോളേജിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറി സമുച്ചയം ജൂൺ 16ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
മണ്ണുത്തിയിലെ വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ്‌ ടെക്നോളജി ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ  മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. റവന്യൂ, ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ മുഖ്യാതിഥിയാകും.

സംസ്ഥാന പദ്ധതി വിഹിതം വിനിയോഗിച്ച് പണി കഴിപ്പിച്ച പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ, ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

സംസ്ഥാന സർക്കാരിൻ്റെ നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതി വിഹിതമായ 32 കോടി രൂപ ചിലവഴിച്ചാണ്  45000 ചതുരശ്ര അടി വിസ്തീർണമുള്ള ലബോറട്ടറി സമുച്ചയം നിർമിച്ചത്. പെൺകുട്ടികൾക്കുള്ള താമസ സൗകര്യം വർധിപ്പിക്കുന്നതിനായി സംസ്ഥാന പദ്ധതി വിഹിതമായ 2.80  കോടി രൂപ വിനിയോഗിച്ചാണ് 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹോസ്റ്റൽ നിർമിച്ചത്. സംസ്ഥാന പദ്ധതി വിഹിതമായ 1.30  കോടി രൂപ വിനിയോഗിച്ച് പണി കഴിപ്പിച്ച ഓഡിറ്റോറിയതിന് 6,500 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.

തൃശ്ശൂർ മേയർ എം. കെ. വർഗീസ്,  വൈസ് ചാൻസലർ ഡോ. കെ. എസ്. അനിൽ,  രജിസ്ട്രാർ  ഡോ. പി. സുധീർ ബാബു,  സർവ്വകലാശാല ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, മാനേജ്മെന്റ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

date