Skip to main content

കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം ഉദ്ഘാടനത്തിനൊരുങ്ങുന്നു സംഘാടക സമിതി രൂപീകരിച്ചു

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് കൃഷിഭവനുകളുടെയും ആസ്ഥാനമായ കൃഷി അസിസ്റ്റൻറ് ഡയറക്ടർ കാര്യാലയത്തിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജൻ ജൂൺ 21 ന് വൈകീട്ട് 4.30ന് നിർവഹിക്കും.  അഡ്വ. വി ആർ സുനിൽകുമാർ എം.എൽ.എ അധ്യക്ഷനാകും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിസരത്താണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിൻ്റെ നടത്തിപ്പിനായി വെള്ളാങ്ങല്ലൂർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജനറൽ കൺവീനറുമായുമുള്ള സംഘാടകസമിതി  രൂപീകരിച്ചു. ഉദ്ഘാടന ദിവസം രാവിലെ 9.30 മുതൽ കാർഷിക വിപണന പ്രദർശനമേള, സെമിനാറുകൾ കർഷക സംഗമങ്ങൾ, വനിതാ കർഷക സംഗമം, കലാപരിപാടികൾ ഘോഷയാത്ര എന്നിവ സംഘടിപ്പിക്കും.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പുത്തൻചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ഉണ്ണികൃഷ്ണൻ, കല്ലങ്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലക്ഷ്മണൻ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ എം.കെ. സ്മിത,  കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ  തുടങ്ങിയവർ സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.

date