ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാതല എൻ.സി.ഒ.ആർ.ഡി. യോഗത്തിൽ തീരുമാനം
നാഷണൽ നാർക്കോട്ടിക്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ജില്ലാതല അവലോകന യോഗം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്നു.
അധ്യയന വർഷം ആരംഭിച്ചതിനാൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.
ജൂൺ 13 മുതൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26 വരെ ലഹരിമുക്ത കലാലയം എന്ന വിഷയം ആസ്പദമാക്കി വിവിധ പരിപാടികളും മത്സരങ്ങളും പൊലീസ് സംഘടിപ്പിക്കുമെന്ന് റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.
പൊലീസിന്റെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ശക്തമാക്കുന്നതിനും, ഒരു അധ്യാപകനെയും വിദ്യാർത്ഥിയെയും എസ്.പി.ജിയിൽ അംഗങ്ങളാക്കുന്നതിനും വിദ്യാഭ്യാസവകുപ്പ് മുൻകയ്യെടുക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ആവശ്യപ്പെട്ടു.
ജൂൺ 26നകം സിറ്റി-റൂറൽ പൊലീസ് പരിധിയിലെ നൂറ് സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കും.
സ്കൂൾ പരിസരത്ത് ഓടുന്ന ഓട്ടോറിക്ഷകളിൽ ലഹരിവിരുദ്ധ സ്റ്റിക്കറുകൾ പതിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
നശാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി സാമൂഹിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 വരെ ബോധവത്കരണ ക്ലാസുകൾ നടത്തുമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസർ അറിയിച്ചു.
കൂടാതെ, റീൽസ്, പോസ്റ്റർ ഡിസൈനിങ് മത്സരങ്ങളും തെരുവ് നാടകങ്ങളും നടത്തും.
ശ്രീ അച്യുതമേനോൻ കോളേജിന്റെ സഹകരണത്തോടെ ക്രിയേറ്റീവ് എക്സ്പ്രെഷൻ ക്യാമ്പയിൻ സംഘടിപ്പിക്കും.
ജില്ലയിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ നിരന്തരം പരിശോധന നടത്തി വരുന്നതായി ലേബർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
37 ക്യാമ്പുകളിലാണ് ഇതുവരെ പരിശോധന നടത്തിയിട്ടുള്ളത്.
എന്നാൽ, സംശയാസ്പദമായതൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.
തൊഴിലാളികൾക്കിടയിൽ ലഭ്യമാകുന്ന ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുവാൻ പൊലീസ്, എക്സൈസ് വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകി.
ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും സഹകരണത്തോടെ തീരമേഖലകളിൽ നിരീക്ഷണം നടത്തിവരുന്നുണ്ട്.
ലാൻഡിങ് സെന്ററുകളിൽ ഹാർബർ റെസ്ക്യൂ ഗാർഡിനെ നിയോഗിച്ചതായി ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
മത്സ്യബന്ധന യാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇവർ വഴി ശേഖരിക്കുന്നുണ്ട്.
അതോടൊപ്പം, കോസ്റ്റൽ പൊലീസിന്റെ സേവനവും നിലവിൽ ലാൻഡിങ് സെന്ററുകളിൽ ലഭ്യമാണ്.
നിരീക്ഷണ ബോട്ടുകൾ നിരന്തരം പട്രോളിങ് നടത്തുന്നതായി കോസ്റ്റ് ഗാർഡും അറിയിച്ചു.
ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയുമായി ചേർന്ന് അറിയാം ലഹരി നിയമം എന്ന വിഷയത്തിൽ അധ്യാപകർക്ക് ക്ലാസുകൾ നൽകുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് യോഗത്തിൽ അറിയിച്ചു.
വായനദിനമായ ജൂൺ 19ന് വായനയാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂളുകളിൽ പരിപാടികൾ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ലഹരി വിരുദ്ധ ദിനത്തിലും വിപുലമായ പരിപാടികൾ നടക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
ജില്ലയിൽ എൻ.ഡി.പി.എസ് കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനായുള്ള നടപടികൾ തദ്ദേശസ്വയംഭരണവകുപ്പ് സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
പ്രതിരോധ നടപടികളുടെ ഭാഗമായി ഇരിങ്ങാലക്കുട ആർ.ഡി.ഒ ഓഫീസിൽ 489 കേസുകളും തൃശൂർ ആർ.ഡി.ഒ ഓഫീസിൽ 683 കേസുകളും രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments