Skip to main content

സമ്പൂർണ യോഗ സംസ്ഥാനം കേരളത്തിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

യോഗ ക്ലബ്ബുകളിലൂടെ ലക്ഷക്കണക്കിന് പേർക്ക് യോഗ പരിശീലനം നൽകി

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

ഘട്ടം ഘട്ടമായി സമ്പൂർണ യോഗ സംസ്ഥാനം എന്ന പദവിയിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഔപചാരികമായ യോഗ പഠനത്തിന് എല്ലാവിധ സൗകര്യങ്ങളും അക്കാദമിക തലത്തിൽ തന്നെ സർക്കാർ ഒരുക്കിയിട്ടുണ്ട്. യോഗയുടെ സ്വീകാര്യത വർധിപ്പിക്കുന്നതോടൊപ്പം പൊതുജനാരോഗ്യം മുൻ നിർത്തിക്കൊണ്ട് യോഗ വിപുലീകരിക്കാൻ സംസ്ഥാന ആയുഷ് വകുപ്പും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആയുഷ് വകുപ്പിന്റെ കീഴിൽ കേരളത്തിലുടനീളം 780-ൽ പരം യോഗ ക്രേന്ദ്രങ്ങൾ ഇന്ന് നിലവിലുണ്ട്. ഇത് കൂടാതെ 10,000ലധികം ആയുഷ് യോഗ ക്ലബ്ബുകളും സ്ഥാപിച്ചിട്ടുണ്ട്. 700 ആയുഷ് ഹെൽത്ത് വെൽനെസ് കേന്ദ്രങ്ങൾയോഗ വെൽനെസ് കേന്ദ്രങ്ങൾപ്രത്യേക ആയുഷ് ജീവിതശൈലീ രോഗ ക്ലിനിക്കുകൾആയുഷ് ഗ്രാമങ്ങൾയോഗ ക്ലബ്ബുകൾ തുടങ്ങിയവയിലൂടെ കേരളത്തിൽ ലക്ഷക്കണക്കിന് ജനങ്ങൾക്ക് യോഗ പരിശീലനത്തിനുള്ള സൗകര്യം സർക്കാർ തലത്തിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുന്നതിനും അതിന്റെ വ്യാപനം പിടിച്ചുനിർത്തുന്നതിനും യോഗ ഏറ്റവും നല്ല ഉപാധിയാണ്. കഴിഞ്ഞ യോഗ ദിനം മുതൽ സംസ്ഥാനത്തെമ്പാടും ആരംഭിച്ച 10,000ലധികം ആയുഷ് യോഗ ക്ലബ്ബുകളിലൂടെ ലക്ഷക്കണക്കിന് പേർ യോഗ പരിശീലനം നടത്തി. ഓരോ യോഗ ക്ലബ്ബിലും 50തോളം പേരാണ് യോഗ പരിശീലനം നേടിയത്. ഇതിലൂടെ അവരുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റമുണ്ടാക്കാൻ സാധിച്ചു.

'ഏക ലോകംഏകാരോഗ്യം യോഗയിലൂടെ' (Yoga for One Earth, One Health) എന്നതാണ് ഈ വർഷത്തെ യോഗാ ദിനാചരണത്തിന്റെ പ്രമേയം. ആയുഷ് ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് യോഗ ക്ലബ്ബുകൾ വഴിയും സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയും പ്രത്യേക യോഗ സെഷനുകൾ സംഘടിപ്പിക്കും. സർക്കാരിന്റെ കീഴിലുള്ള 700 ആയുഷ് ഹെൽത്ത് വെൽനൈസ് കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക പരിപാടികൾ നടപ്പിലാക്കുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ 700 കേന്ദ്രങ്ങളിലും യോഗ ഹാൾ നിലവിൽ വന്നിട്ടുണ്ട്.

സ്വാസ്ഥ്യ പദ്ധതി പ്രകാരം ഗർഭിണികൾസ്‌കൂൾ കുട്ടികൾകൗമാരക്കാർവയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ പ്രത്യേകമുള്ള യോഗ പരിശീലനം ആയുഷ് ഹെൽത്ത് വെൽനെസ്സ് സെന്ററുകളിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. വർക്കലയിൽ സ്ഥിതി ചെയ്യുന്ന യോഗ നാച്ചുറോപ്പതി ആശുപത്രി വികസിപ്പിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹെൽത്ത് ടൂറിസം മെച്ചപ്പെടുത്താനും ഇത്തരം സംവിധാനങ്ങൾ സഹായിക്കും.

പി.എൻ.എക്സ് 2794/2025

date