Skip to main content

* ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം*

ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിധവകൾ, വിവാഹ ബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ ന്യൂനപക്ഷ മതവിഭാഗക്കാർക്ക് പദ്ധതിയിൽ ധനസഹായം ലഭിക്കും. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ളോറിങ്, ഫിനിഷിങ്‌, പ്ലംബിങ്‌, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ ചെയ്യാത്ത വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. വീടിന്റെ അറ്റകുറ്റ പ്രവർത്തികൾക്ക് 50000 രൂപയാണ് ധനസഹായം ലഭിക്കുക. വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയാവണം. ബിപിഎൽ കുടുംബം, അപേക്ഷകയോ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ  മാത്രമുള്ള അപേക്ഷകർ എന്നിവർക്ക് മുൻഗണന. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാർ/വിവിധ ഏജൻസികളിൽ നിന്നും 10 വർഷത്തിനകം ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ട. താൽപ്പര്യമുള്ളവർ 2025-26 വർഷം ഭൂമിയുടെ കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും  വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റിൽ കുറവാണെന്ന് വില്ലേജ് ഓഫീസർ/ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനീയർ/ ബന്ധപ്പെട്ടവരിൽ നിന്നുള്ള സാക്ഷ്യപത്രവും നൽകണം. പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും ജൂലൈ 31നകം  കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ കളക്ടറേറ്റ്, വയനാട്  എന്ന വിലാസത്തിൽ തപാൽ  മുഖേനയോ നൽകണം. അപേക്ഷ ഫോം www.minoritywelfare.kerala.gov.in ൽ ലഭിക്കും. ഫോൺ: 04936 202251.

date